/kalakaumudi/media/media_files/2025/11/10/jal-jeevan-2025-11-10-08-47-39.jpg)
ന്യൂഡല്‍ഹി: ഗ്രാമീണ വീടുകളില്‍ വ്യക്തിഗത ടാപ്പ് കണക്ഷനുകള്‍ വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേടുകളില്‍ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 596 ഉദ്യോഗസ്ഥര്‍, 822 കരാറുകാര്‍, 152 തേര്‍ഡ് പാര്‍ട്ടി ഇന്‍സ്‌പെക്ഷന്‍ ഏജന്‍സികള്‍ (ടിപിഐഎ) എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റപ്പോര്‍ട്ട് ചെയ്യുന്നു.
പദ്ധതി നടത്തിപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ, ലോകായുക്ത, മറ്റ് അഴിമതി വിരുദ്ധ ഏജന്‍സികള്‍ ഏഴ് കേസുകള്‍ പരിശോധിച്ചുവരികയാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
15 സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 16,634 പരാതികള്‍ ലഭിക്കുകയും 16,278 കേസുകളില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. 14,264 പരാതികളുമായി ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നില്‍. ഇതുവരെ ലഭിച്ച പരാതികളുടെ 85 ശതമാനത്തിലധികമാണിത്. അസം 1,236 പരാതികളുമായി രണ്ടാം സ്ഥാനത്തും ത്രിപുര 376 പരാതികളുമായി മൂന്നാം സ്ഥാനത്തുമാണ്.
ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചതിന്റെ കാര്യത്തിലും യുപി ഒന്നാം സ്ഥാനത്താണ്. ഇവിടെ 171 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു. രാജസ്ഥാന്‍ (170), മധ്യപ്രദേശ് (151) എന്നിവയാണ് തൊട്ടുപിന്നില്‍. കരാറുകാര്‍ക്കെതിരെ നടപടിയെടുത്തതില്‍ ത്രിപുര (376)യാണ് മുന്നിലുള്ളത്. യുപി (143) പശ്ചിമ ബംഗാള്‍ (142) എന്നിവ തൊട്ടുപിന്നാലെയുണ്ട്. ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, ലഡാക്ക്, മണിപ്പൂര്‍, മേഘാലയ, മിസോറം, ഉത്തരാഖണ്ഡ് എന്നീ 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതുസംബന്ധിച്ച് വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങളും കൈമാറാന്‍ സംസ്ഥാനങ്ങളോട് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് ഒക്ടോബര്‍ 20-നകം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
