/kalakaumudi/media/media_files/2026/01/20/jana4-2026-01-20-08-58-59.jpg)
ചെന്നൈ:വിജയ് ചിത്രം ജനനായകന് ഇന്ന് നിര്‍ണായകം. സെന്‍സര്‍ ബോര്‍ഡ് അനുമതിയുമായി ബന്ധപ്പെട്ട കേസ് ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) നല്‍കിയ അപ്പീല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ഇന്ന് രാവിലെ പതിനൊന്നരയോടെ കേസ് കോടതി പരിഗണിച്ചേക്കും.
സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റിക്ക് വിട്ടത്തോടെ ആണ് ഈ മാസം ഒമ്പതിന് റിലീസ് തീരുമാനിച്ചിരുന്ന ജനനായകന്‍ ചിത്രം പ്രതിസന്ധിയിലായത്. ഇതോടെ സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ നിര്‍മാതാക്കള്‍ക്ക് പ്രതികൂലമായ പരാമര്‍ശങ്ങളാണ് ബെഞ്ചില്‍ നിന്ന് ഉണ്ടായത്.
ജനനായകന്റെ നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്നായിരുന്നു ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.
20നുള്ളില്‍ ഹര്‍ജി പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീകോടതി നിര്‍ദ്ദേശം നല്‍കി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടി സുപ്രീംകോടതിയെ സമീപിച്ചത്. 500 കോടിയോളം മുതല്‍മുടക്കി നിര്‍മിച്ച ചിത്രം റിലീസ് ചെയ്യാന്‍ കഴിയാത്തതിനാല്‍ വന്‍ നഷ്ടം നേരിടുകയാണെന്നും ഹര്‍ജിയില്‍ നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്ന് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
