/kalakaumudi/media/media_files/2025/09/07/maoist-2025-09-07-16-54-05.jpg)
റാഞ്ചി: ജാര്‍ഖണ്ഡിലെ ചൈബാസയില്‍ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റിനെ വധിച്ച് സുരക്ഷ സേന. ആപ്താന്‍ എന്ന അമിത് ഹസ്ദയയാണ് സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് സൂപ്രണ്ട് പരസ് റാണ വ്യക്തമാക്കി. വെസ്റ്റ് സിങ്ഭും ജില്ലയിലെ ഗോയില്‍കേര പൊലീസ് സ്റ്റേഷന് കീഴിലുള്ള സാരന്ദ വനത്തിലാണ് സുരക്ഷ സേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്.
രാവിലെ ഏകദേശം ആറുമണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് എസ്എല്‍ആര്‍ റൈഫിള്‍, സ്‌ഫോടകവസ്തുക്കള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പ്രദേശത്ത് മറ്റ് മാവോയിസ്റ്റ് ഒളിത്താവളങ്ങള്‍ കണ്ടെത്തുന്നതിനായി വനമേഖലയിലുടനീളം സുരക്ഷാ ഉദ്യോഗസ്ഥര്‍ വിപുലമായ തെരച്ചില്‍ നടത്തി.
ഏറ്റുമുട്ടലുമായും മാവോയിസ്റ്റുകളുടെ ഒളിത്താവളങ്ങളുമായി ബന്ധപ്പെട്ടും നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ നിരോധിത മോവോയിസ്റ്റ് സംഘടനയായ തൃതീയ സമ്മേളന്‍ പ്രസ്തുതി കമ്മിറ്റിയിലെ അംഗങ്ങളുമായുണ്ടായ ഏറ്റുമുട്ടലിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. ഈ ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സെപ്റ്റംബര്‍മൂന്നിന് പുലര്‍ച്ചെ 1-നും 1:30-നും ഇടയില്‍ മനാട്ടു പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഇടതൂര്‍ന്ന കേദല്‍ വനത്തിലാണ് വെടിവയ്പ്പ് നടന്നത്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തവെയാണ് വെടിവയ്പ്പുണ്ടായത്. തലയ്ക്ക് പത്ത് ലക്ഷം രൂപ വിലയിട്ട ടിഎസ്പിസിയുടെ സോണല്‍ കമാന്‍ഡര്‍ ശശികാന്ത് ഗഞ്ജു നാട്ടിലേക്ക് വരുമെന്നായിരുന്നു രഹസ്യ വിവരം. കര്‍മ്മ ഉത്സവത്തിനായി ഇയാള്‍ തന്റെ ജന്മനാടായ കേദറിലേക്ക് എത്തുമെന്നായിരുന്നു വിവരം.
ഇതേതുടര്‍ന്നായിരുന്നു ഉദ്യോഗസ്ഥര്‍ ഓപ്പറേഷന്‍ ആരംഭിച്ചത്. ഇതിനിടെ ഗഞ്ജുവും കൂട്ടാളികളും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരായ ശാന്തന്‍ കുമാര്‍, സുനില്‍ റാം എന്നിവര്‍ക്കാണ് വീരമൃത്യു വരിക്കേണ്ടി വന്നത്. ഗഞ്ജുവിനേയും കൂട്ടാളികളെയും കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.