/kalakaumudi/media/media_files/2025/04/23/4gOHfLI2Skuf4edzC1Cj.jpg)
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ ഗാമില്‍ ഇന്നുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടി ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.
നേരത്തെ ഭീകരാക്രമണത്തെ ശക്തമായ ഭാഷയിലാണ് മോദി അപലപിച്ചത്. ഇത്രയും ഹീനമായകൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും വെറുതേവിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്ക്ക്അദ്ദേഹം അനുശോചനമറിയിക്കുകയും ചെയ്തു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാവരോടും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
ഇത്രയും നീചമായ ഈ കൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. അവരെഒരുതരത്തിലും വെറുതേ വിടില്ല. അവരുടെ പൈശാചികമായ പദ്ധതികള്‍ ഒരിക്കലും നടപ്പിലാകില്ല. ഭീകരവാദം ഇല്ലാതാക്കുക എന്ന നമ്മുടെ ദൃഢനിശ്ചയത്തിന് ഒരിളക്കവുമുണ്ടാകില്ല, അതുകൂടുതല്ശക്തമായി തുടരും എന്നാണ് പ്രധാനമന്ത്രി കുറിച്ചത്.
ജമ്മു കാശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഉന്നതതല സുരക്ഷാ ക്യാബിനറ്റ് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആയിരിക്കും സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി അടിയന്തര യോഗം ചേരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള സുരക്ഷാ സാഹചര്യങ്ങളാണ് ഉന്നതതല അവലോകനത്തില്‍ കേന്ദ്രീകരിക്കുക.
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി മണിക്കൂറുകള്‍ക്കകം തന്നെ ശ്രീനഗറില്‍ എത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട് ഉണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും കരുതിയിരുന്നോളാന്‍ അമിത് ഷാ താക്കീത് നല്‍കിയിരുന്നു.