ഡല്‍ഹി സ്‌ഫോടനം: ആയുധങ്ങള്‍ ആശുപത്രികളില്‍ സൂക്ഷിക്കാന്‍ നോക്കി, ഒരാള്‍ കൂടി അറസ്റ്റില്‍

പുല്‍വാമയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന തുഫൈലാണ് പിടിയിലായത്. ശ്രീനഗര്‍ സ്വദേശിയായ ഇയാളെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഡല്‍ഹി ഭീകരാക്രമണ പദ്ധതിയില്‍ തുഫൈലിന്റെ പങ്കെന്താണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.

author-image
Biju
New Update
dd

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജയ്‌ഷെ-മുഹമ്മദ് ഭീകരസംഘടനയിലെ ഓരാളെ കൂടി സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയും ജമ്മു കശ്മീരിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. 

പുല്‍വാമയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന തുഫൈലാണ് പിടിയിലായത്. ശ്രീനഗര്‍ സ്വദേശിയായ ഇയാളെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഡല്‍ഹി ഭീകരാക്രമണ പദ്ധതിയില്‍ തുഫൈലിന്റെ പങ്കെന്താണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.

ഗൂഢാലോചനയില്‍ ഇയാളുടെ പങ്കാളിത്തം സൂചിപ്പിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. ഡല്‍ഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കുല്‍ഗാമിലെ മുസഫര്‍ അഹമ്മദ് റാഥറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഖാസിഗുണ്ട് സ്വദേശിയായ മുസഫര്‍ ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ടതായും ഇപ്പോള്‍ അഫ്ഗാനിസ്താനില്‍ അഭയം തേടിയിരിക്കാമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ-മുഹമ്മദ് തലവന്മാര്‍ക്കും വൈറ്റ് കോളര്‍ ഭീകര ശൃംഖലയ്ക്കും ഇടയില്‍ ഒരു നിര്‍ണായക കണ്ണിയായി ഇയാള്‍ പ്രവര്‍ത്തിച്ചുവെന്നാണ് കണ്ടെത്തല്‍. ഇയാളെ വിട്ടുകിട്ടുന്നതിനും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനും ജമ്മു കശ്മീര്‍ പോലീസ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പ്രതികളായ മുസമ്മില്‍ ഷക്കീല്‍ ഗനായി, ആദില്‍ അഹമ്മദ് റാഥര്‍, ഷഹീന്‍ ഷഹീദ്, മുഫ്തി ഇര്‍ഫാന്‍ അഹമ്മദ് വഗായ് എന്നിവരെ നേരത്തെ ജമ്മു കശ്മീര്‍ പോലീസ് പിടികൂടിയിരുന്നു. ഇവരെ ശ്രീനഗറിലെ എന്‍ഐഎ കസ്റ്റഡിയിലേക്ക് മാറ്റി. കശ്മീരിലെ ആശുപത്രികളെ രഹസ്യ ആയുധ സംഭരണ കേന്ദ്രങ്ങളായി ഉപയോഗിക്കാന്‍ ജയ്‌ഷെ-മുഹമ്മദ് സംഘം ശ്രമിച്ചിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.