/kalakaumudi/media/media_files/2025/08/20/sup-2025-08-20-10-00-09.jpg)
ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. റിട്ട. ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മീഷന്റെ പ്രവര്‍ത്തനം തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സ്വര്‍ണ്ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വഴിമാറുന്നു എന്നാരോപിച്ചാണ് സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചിരുന്നത്.
2020 ജൂലൈ മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്ന അന്വേഷണങ്ങളുടെ രീതിയും ലക്ഷ്യവും പരിശോധിക്കാനായിരുന്നു വി.കെ. മോഹനന്‍ കമ്മീഷനെ നിയോഗിച്ചത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാരിന്റെ ഈ സുപ്രധാന നീക്കം. എന്നാല്‍, 2021 ഓഗസ്റ്റില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കമ്മീഷന്‍ നടപടികള്‍ സ്റ്റേ ചെയ്തു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സ്റ്റേ നീക്കാന്‍ കോടതി തയ്യാറായില്ല.
നിലവില്‍ ഹൈക്കോടതി സ്റ്റേ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പരമോന്നത നീതിപീഠത്തെ അഭയം പ്രാപിച്ചിരിക്കുന്നത്. ഇതിനിടെ അന്വേഷണ കമ്മീഷന്റെ കാലാവധി സര്‍ക്കാര്‍ പലതവണ നീട്ടിനല്‍കുകയും ചെയ്തിരുന്നു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെയും അന്വേഷണ ഏജന്‍സികളുടെ അധികാര പരിധിയെയും സംബന്ധിച്ച സുപ്രധാനമായ നിയമപോരാട്ടത്തിനാകും സുപ്രീംകോടതി ഇനി സാക്ഷ്യം വഹിക്കുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
