/kalakaumudi/media/media_files/2025/01/18/9yfoPobCyOhZGZI71BRA.jpg)
Photograph: (justice shekhar yadav)
ന്യൂഡല്‍ഹി: മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്വമേധയാ കേസെടുക്കണമെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐയോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് 13 ആഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തയച്ചു. വിശ്വഹിന്ദു പരിഷത്ത് പരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ നടപടി വേണമെന്നാണ് ആവശ്യം.
സുപ്രീം കോടതി സെക്രട്ടറി ജനറല്‍ മുഖേന അയച്ച കത്തിന്റെ പകര്‍പ്പ് മുതിര്‍ന്ന ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ്, എ.എസ്. ഓക്ക എന്നിവര്‍ക്കും നല്‍കി. അലഹബാദ് ഹൈക്കോടതി ജസ്റ്റിസായി ശേഖര്‍ കുമാറിനെ നിയമിക്കുന്നതിനെ എതിര്‍ത്ത് കണ്‍സള്‍ട്ടിങ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ചീഫ് ജസ്റ്റിസിന് എഴുതിയതായും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശേഖര്‍ കുമാറിന് മതിയായ പ്രവൃത്തിപരിചയമില്ലെന്നും ആര്‍എസ്എസ് അദ്ദേഹത്തിന്റെ ബന്ധവും കാട്ടിയായിരുന്നു ചന്ദ്രചൂഢിന്റെ എതിര്‍പ്പ്.
ഡിസംബര്‍ 8 ന് അലഹബാദ് ഹൈക്കോടതിയിലെ ലൈബ്രറി ഹാളില്‍ ഏകീകൃത സിവില്‍ കോഡ് എന്ന വിഷയത്തില്‍ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പ്രസംഗമാണ് വിവാദമായത്. വിശ്വ ഹിന്ദു പരിഷത്തിന്റെ ലീഗല്‍ സെല്ലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
കുട്ടിക്കാലം മുതല്‍ തന്നെ അക്രമം പരിചയിച്ചതിനാല്‍ മുസ്ലീം കുട്ടികളില്‍ നിന്നും 'സഹിഷ്ണുതയും' 'ഉദാരതയും' പ്രതീക്ഷിക്കാനാവില്ലെന്നായിരുന്നു ശേഖര്‍ കുമാര്‍ യാദവിന്റെ പ്രസ്താവന. 'കത്മുള്ള' എന്ന അപമാനകരമായ പദവും മുസ്ലീം വിഭാഗത്തെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞിരുന്നു.
ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഈ പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തിന് വിരുദ്ധമാണ് ജസ്റ്റിന്റെ പരാമര്‍ശം എന്നായിരുന്നു ബാര്‍ അസോസിയേഷന്റെ പ്രതികരണം.
2024 ഡിസംബര്‍ 13-ന്, രാജ്യസഭയിലെ ആറ് പ്രതിപക്ഷ എംപിമാര്‍ ചേര്‍ന്ന് ജസ്റ്റിസ് യാദവിനെതിരെ ഉപരിസഭ സെക്രട്ടറി ജനറലിന് ഇംപീച്ച്മെന്റ് പ്രമേയവും സമര്‍പ്പിച്ചിരുന്നു. 'വിദ്വേഷ പ്രസംഗം' ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനമാണെന്നും , 'സാമുദായിക സംഘര്‍ഷത്തിന്' പ്രേരിപ്പിക്കലാണെന്നുമായിരുന്നു പരാതി.
സംഭവത്തില്‍ സുപ്രീംകോടതി കൊളീജിയം അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. ഡിസംബര്‍ 17ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സന്ദര്‍ശിച്ചതിന് ശേഷം ചീഫ് ജസ്റ്റിസ് ബന്‍സാലി, ശേഖര്‍ കുമാറിന്റെ പ്രതികരണം തേടി. എന്നാല്‍ വിവാദ പരമാര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്നായിരുന്നു ശേഖര്‍ കുമാര്‍ യാദവിന്റെ നിലപാട്.