‘കച്ചത്തീവ് ശ്രീലങ്കയുടേത്’, ഇന്ത്യയ്ക്കു തരില്ലെന്ന് മന്ത്രി; എന്നും രാഷ്ട്രീയ വിവാദ കേന്ദ്രം, ദ്വീപിലെ പ്രശ്നമെന്ത്?

കച്ചത്തീവ് ദ്വീപ് ഇന്ത്യയ്ക്ക് കൈമാറില്ലെന്നും ദ്വീപ് ശ്രീലങ്കയുടെ ഭാഗമാണെന്നും ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത്

author-image
Devina
New Update
katchatheevu

കൊളംബോ: കച്ചത്തീവ് ദ്വീപ് ഇന്ത്യയ്ക്ക് കൈമാറില്ലെന്നും ദ്വീപ് ശ്രീലങ്കയുടെ ഭാഗമാണെന്നും ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത്. കച്ചത്തീവ് ഇന്ത്യ ഏറ്റെടുക്കണമെന്ന തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വളരെക്കാലമായി നിലനിൽക്കുന്ന കച്ചത്തീവ് പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നു വിജയ് പറഞ്ഞിരുന്നു. ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മീൻപിടുത്തക്കാരെ ഉപദ്രവിക്കുകയാണെന്നും വിജയ് ആരോപിച്ചു.‘‘ദക്ഷിണേന്ത്യയിൽ തിരഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഇത്തരം പ്രസ്താവനകൾ പ്രസ്താവനകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. നയതന്ത്ര തലത്തിലുള്ള ആശയവിനിമയങ്ങൾ മാത്രമാണ് പ്രധാനം’’–വിജിത ഹെറാത്ത് പറഞ്ഞു. കച്ചത്തീവ് ശ്രീലങ്കയുടേതാണെന്നും അദ്ദേഹം ആവർത്തിച്ചു .
ജവാഹർലാൽ നെഹ്റുവിനു കച്ചത്തീവിൽ താൽപര്യമില്ലായിരുന്നെന്നും ഇന്ദിരാ ഗാന്ധി രാജ്യതാൽപര്യം നോക്കാതെ 1974 ൽ ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നെന്നും അടുത്തിടെ ആരോപണം ഉയർന്നിരുന്നു. യഥാർഥത്തിൽ 1921ൽ തന്നെ ഏറക്കുറെ ധാരണയിലെത്തിയിരുന്ന സമുദ്രാതിർത്തി 1974 ൽ ഔദ്യോഗികമായി അംഗീകരിക്കുക മാത്രമാണുണ്ടായത്. ഒരു നൂറ്റാണ്ടു മുൻപുവരെ മീൻപിടുത്തക്കാർക്കൊഴികെ ആർക്കും താൽപര്യമില്ലായിരുന്ന ഈ സമുദ്രപ്രദേശം ഒന്നാം ലോകമഹായുദ്ധക്കാലത്താണു ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.