കര്‍ണാടക ബിജെപിയിലെ ഭിന്നത രൂക്ഷമാവുന്നു. ഇപ്പോള്‍ ദേശീയ നേതൃത്വത്തിന് തലവേദനയായിരിക്കുന്നത് മുതിര്‍ന്ന നേതാവ് ബസനഗൗഡ പാട്ടീല്‍ യത്നാലാണ്.യത്നാലിന് ബി.ജെ.പി ദേശീയ നേതൃത്വം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരിക്കുകയാണ്.വിമത പ്രവര്‍ത്തനത്തിനാണ് നോട്ടീസ്.എന്നാല്‍ യെദ്യൂരപ്പയുടെ മകന്‍ ബി.വൈ വിജയേന്ദ്രയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാതെ വിമത നീക്കം അവസാനിപ്പിക്കില്ലെന്ന വാശിയിലാണ് യത്നാലും ഒപ്പമുള്ളവരും.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് പ്രതിപക്ഷ നേതാവിനെയും, പിന്നീട് സംസ്ഥാന ബി.ജെ.പി അധ്യക്ഷനെയും നിശ്ചയിക്കാന്‍ ബിജെപി നേതൃത്വത്തിന് സാധിച്ചത്.യെദ്യൂരപ്പയും സംഘവും പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതിനെതിരേ മുതിര്‍ന്ന നേതാക്കളായ യത്‌നാല്‍, അരവിന്ദ് ലിംബാവലി, രമേഷ് ജാര്‍ക്കിഹോളി, പ്രതാപ് സിംഹ,കുമാര്‍ ബംഗാരപ്പ,ജി.എം സിദ്ധേശ്വര്‍,അണ്ണാ സാഹിബ് ജോലെ, ബി.പി ഹരീഷ് എന്നിവരടങ്ങുന്ന വിഭാഗം തുടക്കം മുതല്‍ രംഗത്തിറങ്ങിയെങ്കിലും ദേശീയ നേതൃത്വത്തിന് യെദ്യൂരപ്പയുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടിവന്നു.
അങ്ങനെയാണ് മകന്‍ ബി.വൈ വിജയേന്ദ്ര പ്രസിഡന്റായത്.വിജയേന്ദ്ര ചുമതലയേറ്റെടുത്തത് മുതല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് ബദലായി പരിപാടികളും സമരങ്ങളും സംഘടിപ്പിക്കുകയാണ് യത്നാല്‍ വിഭാഗം.മൈസൂരു മുഡ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയും ജെ.ഡി.എസും ബംഗളൂരു-മൈസൂരു പദയാത്ര സംഘടിപ്പിച്ചപ്പോള്‍ യത്നാലും സംഘവും ബദലായി ബെലഗാവിയിലേക്ക് പ്രചാരണ ജാഥ നയിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിനെതിരേ ബി.ജെ.പി നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പകരമായി യത്നാലും സംഘവും സ്വന്തം നിലയില്‍ പരിപാടികള്‍ സംഘടിപ്പിച്ചു.ഏറ്റവും ഒടുവില്‍ വഖഫ് വിഷയത്തില്‍ ഔദ്യോഗിക നേതൃത്വം ആലോചിക്കും മുമ്പ് യത്നാല്‍, സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ചു.വിജയപുര ജില്ലയിലെ കര്‍ഷകരെ സമരത്തിനൊപ്പം ചേര്‍ക്കുകയും ചെയ്തതോടെ ബി.ജെ.പി നേതൃത്വം വെട്ടിലായി.ഒടുവില്‍ ഔദ്യോഗിക പക്ഷം സമാന്തരമായി വഖഫ് പ്രതിഷേധ പരിപാടികള്‍ നടത്തേണ്ട ഗതികേടിലായി.ഫലത്തില്‍ യെദ്യൂരപ്പ നയിക്കുന്ന സംസ്ഥാന നേതൃത്വത്തോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടിലാണ് യത്നാല്‍.അതേസമയം പാര്‍ട്ടിക്കുള്ളിലെ വിമത പ്രവര്‍ത്തനങ്ങളും വിഭാഗീയതയും കാരണം അണികളില്‍ പടര്‍ന്ന നിരാശ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന ആശങ്കയിലാണ് നേതൃത്വം.