/kalakaumudi/media/media_files/2025/01/30/sfjPbl3PojsTfnkJHxOB.jpg)
Karnataka Chief Minister Siddaramaiah
ബംഗളുരു: മഹാകുംഭമേളയിലെ അപകടത്തില്‍പ്പെട്ട് മരിച്ച കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മരിച്ച നാല് പേരുടെ വീട്ടുകാര്‍ക്ക് എത്രയും വേഗം സഹായം ഉറപ്പാക്കും.
മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരുകയാണ്. സംസ്ഥാനത്ത് നിന്നും കാണാതായ മറ്റ് 8 പേരുടെ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
മഹാകുംഭമേളയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പത്ത് പേര്‍ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് എന്നാല്‍ പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. 90 പേര്‍ക്കാണ് പരിക്കേറ്റതെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. ബാരിക്കേഡ് മറികടക്കാന്‍ വലിയ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.
പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ വലിയ ജനക്കൂട്ടമെത്തിച്ചേര്‍ന്നു. സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നു എന്ന് വ്യക്തമാക്കിയ യോഗി ആദിത്യനാഥ് ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അതിവേഗം ഇടപെടുകയും പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്‌തെന്നും യോഗി വിശദീകരിച്ചിരുന്നു. അതേസമയം, ദുരന്തമുണ്ടായ ത്രിവേണി ഘട്ടില്‍ സ്‌നാനം വീണ്ടും തുടങ്ങി.