/kalakaumudi/media/media_files/2026/02/09/sidha-2026-02-09-12-55-29.jpg)
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ചരിച്ച ഹെലികോപ്ടര്‍ താഴെയിറക്കിയതില്‍ വന്‍ സുരക്ഷാവീഴ്ച. ഞായറാഴ്ച വൈകീട്ട് ലിങ്കസുഗുറിലായിരുന്നു സംഭവം. നേരത്തെ നിശ്ചയിച്ച സ്ഥലത്തുനിന്ന് മാറി മറ്റൊരിടത്ത് പൈലറ്റ് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. ഇത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് വഴിവച്ചു.
ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു മുഖ്യമന്ത്രി. റായ്ചുര്‍ റോഡില്‍ ശ്രീനിവാസ് ലേ ഔട്ടില്‍ പ്രത്യേകം സജ്ജമാക്കിയ ഹെലിപ്പാഡിലായിരുന്നു സിദ്ധരാമയ്യയുടെ ഹെലികോപ്ടര്‍ ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍, പൈലറ്റ് ഹെലികോപ്ടര്‍ ഇറക്കിയത് കലബുറഗി റോഡിലെ ഹെലിപ്പാഡിലായിരുന്നു.
സിദ്ധരാമയ്യയുടെ ഹെലികോപ്ടര്‍ ശ്രീനിവാസ് ലേ ഔട്ടില്‍ ഇറക്കുന്നതുംകാത്ത് ഉന്നതോദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍, അവിടേക്ക് വന്നിറങ്ങിയത് പൊതുമരാമത്ത് വകുപ്പുമന്ത്രി സതീഷ് ജര്‍ക്കിഹോളി ആയിരുന്നു. സ്ഥലംമാറി ഇറങ്ങിയിടത്ത് മുഖ്യമന്ത്രിയെ സ്വീകരിക്കാനുണ്ടായിരുന്നത് രണ്ട് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാര്‍ മാത്രമായിരുന്നു. മുഖ്യമന്ത്രിയിറങ്ങിയത് വേറെ സ്ഥലത്താണെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥരും സംഘവും അവിടേക്ക് പാഞ്ഞു. എന്നാല്‍, അപ്പോഴേക്കും സിദ്ധരാമയ്യ സ്ഥലത്തുനിന്ന് പോയിക്കഴിഞ്ഞിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
