arjun search mission
കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് 29 ദിവസം.തിരച്ചിൽ പുനരാരംഭിച്ചതോടെ പ്രതീക്ഷയിലാണ് അർജുന്റെ കുടുംബം.തിരച്ചിൽ സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു. നാല് ദിവസത്തേക്ക് തിരച്ചിൽ നിർത്തി വയ്‌ക്കുന്നുവെന്ന് പറഞ്ഞാണ് നിർത്തിയതെങ്കിലും നീണ്ടു പോവുകയായിരുന്നു.
ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്നാൽ തിരച്ചിൽ ഇനിയും വൈകരുതെന്നും കുടുംബം ആവശ്യപ്പെട്ടു. നാല് ദിവസത്തേക്കെന്ന് പറഞ്ഞ് തിരച്ചിൽ നിർത്തി വച്ചിട്ട് ഇത്രയേറെ ദിവസമായെന്നും സഹോദരി പറഞ്ഞു. ഇനിയും കണ്ടെത്താനായില്ലെങ്കിൽ കുടുംബം സ്ഥലത്തെത്തി പ്രതിഷേധിക്കുമെന്നും അറിയിച്ചു.
ഇന്നലെ ഉത്തര കന്നഡ ജില്ലാ കളക്ടർ, കാർവാർ എംഎൽഎ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് തിരച്ചിൽ പുനരാരംഭിക്കാൻ തീരുമാനമായത്. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തിരച്ചിൽ പുനരാരംഭിക്കുന്നത്. നാവിക സേനയുടെ നേതൃത്തിൽ ഗംഗാവലി പുഴ കേന്ദ്രീകരിച്ചാകും ഇന്ന് തിരച്ചിൽ നടത്തുക.