/kalakaumudi/media/media_files/2025/08/11/rajanna-2025-08-11-17-06-33.jpg)
ബെംഗളുരു: ക്രമക്കേട് കണ്ടെത്തിയ വോട്ടര്‍ പട്ടിക തയാറാക്കിയത് കോണ്‍ഗ്രസിന്റെ ഭരണകാലത്തെന്ന് ആരോപിച്ച കര്‍ണാടകയിലെ സഹകരണ വകുപ്പ് മന്ത്രി കെ.എന്‍.രാജണ്ണയുടെ രാജി ചോദിച്ചു വാങ്ങി കോണ്‍ഗ്രസ് നേതൃത്വം. കര്‍ണാടകയിലെ വോട്ടര്‍പട്ടിക ഉയര്‍ത്തിക്കാട്ടി ദേശീയതലത്തില്‍ നിര്‍ണായക രാഷ്ട്രീയ നീക്കം ഉയര്‍ത്തുന്നതിനിടെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി സംസ്ഥാനത്തെ മന്ത്രിസഭാംഗം രംഗത്തെത്തിയത്.
സ്വന്തം ഭരണകാലത്ത് പുറത്തിറക്കിയ വോട്ടര്‍ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോള്‍ പറയുന്നതില്‍ അര്‍ഥമില്ലെന്നാണ് രാജണ്ണയുടെ ആരോപണം. ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവാദ പരാമര്‍ശത്തിനു പിന്നാലെ രാജണ്ണയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ഈ വിവരം പുറത്തുവന്നതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് രാജണ്ണ രാജി സമര്‍പ്പിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് രാജണ്ണ.
രാജണ്ണയെ രൂക്ഷമായി വിമര്‍ശിച്ച് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ രംഗത്തെത്തി. വസ്തുത അറിയാതെ രാജണ്ണ പ്രസ്താവന നടത്തരുതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് നടപടിയെടുക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.