കഴിഞ്ഞ അഞ്ചു വര്‍ഷം പാര്‍ലമെന്റില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ അപ്രമാദിത്യമായിരുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദത്തിന് കരുത്ത് കുറവായിരുന്നു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. മോദി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം.
മോദി സര്‍ക്കാര്‍, നോട്ട് നിരോധനം പോലെ വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നതാണ് ബാങ്കിംഗ് നിയമഭേദഗതി ബില്‍. ബാങ്കിംഗ് ഭേദഗതി ചര്‍ച്ചക്കിടയില്‍ കാര്‍ത്തി ചിദംബരം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബില്ലിലെ പൊളളത്തരങ്ങളാണ് കാര്‍ത്തി ചൂണ്ടിക്കാട്ടുന്നത്.
ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് 84 രൂപ 73 പൈസയാണ്.രാജ്യത്തെ കഴിഞ്ഞ ക്വാര്‍ട്ടറിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.4 ശതമാനം മാത്രമാണ്. കഴിഞ്ഞ 7 ക്വാര്‍ട്ടറുകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാല്‍, ഇക്കഴിഞ്ഞ ക്വാര്‍ട്ടറിലെ പണപ്പെരുപ്പ നിരക്ക് 6.21 ആണ്.
സാമ്പത്തിക വളര്‍ച്ചാ നിരക്കിനെക്കാള്‍ പണപ്പെരുപ്പ നിരക്ക് വർധിക്കുന്നത് തുടര്‍ന്നാല്‍ രാജ്യത്തെ സമ്പത്ത് വ്യവസ്ഥ സ്തംഭിപ്പിക്കും. മുന്‍കാല അനുഭവങ്ങളും പഠനങ്ങളും അതാണ് തെളിയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നിന്നു കൊണ്ടായിരിക്കണം സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള ബാങ്കിംഗ് ലോ അമെന്റ്‌മെന്റ് ബില്ലിനെ വിശകലനം ചെയ്യേണ്ടതെന്നും കാര്‍ത്തി ചിദംബരം വ്യക്തമാക്കുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ കൂടിയ ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്, അടുത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടാല്‍, തന്റെ സര്‍ക്കാര്‍ നൂറു ദിന കര്‍മ്മ പരിപാടി ആദ്യം നടപ്പാക്കുമെന്നാണ്. അതിലൂടെ രാജ്യത്ത് വലിയ മാറ്റം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.എന്നാല്‍, ബാങ്കിംഗ് നിയമഭേദഗതി ബില്‍ ആണ് മികച്ചതെന്നു പറയുന്നതെങ്കില്‍ അത് വലിയ കഷ്ടമാണ്. മാത്രമല്ല, ഇതെല്ലാം ഇനി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതിന്റെ കൂടി വിലകളയാനാണെന്നും കാര്‍ത്തി പറയുന്നു.