/kalakaumudi/media/media_files/2025/01/19/AdGleO9xSnTFbg4t73Fk.jpg)
amit shash minister
ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരിയില്‍ 'അജ്ഞാത രോഗം' ബാധിച്ച് 15 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണ സമിതിയെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ബാദല്‍ ഗ്രാമത്തില്‍ ആറാഴ്ചയ്ക്കിടെയാണ് 15 പേര്‍ മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് സമിതിയെ നയിക്കുന്നത്. ഇതു കൂടാതെ ഇതേക്കുറിച്ച് വിശദമായ പഠനം നടത്താന്‍ കൃഷി, കെമിക്കല്‍സ്, ജലം, മൃഗക്ഷേമം, ഭക്ഷ്യസുരക്ഷ, ഫൊറന്‍സിക് വിദഗ്ധരും സംഘത്തിലുണ്ട്.
കടുത്ത പനി, തലചുറ്റല്‍, ബോധക്ഷയം എന്നീ ലക്ഷണങ്ങളോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലെത്തിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ മരിക്കുകയും ചെയ്യുന്നു. നിലവില്‍ അസുഖബാധിതയായ 15കാരി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 2024 ഡിസംബറില്‍ ഒരു കുടുംബത്തിലെ 7 പേര്‍ അസുഖബാധിതരായതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. ഇതില്‍ 5 പേര്‍ മരിക്കുകയും ചെയ്തു.
ഡിസംബര്‍ 12ന് മറ്റൊരു കുടുംബത്തിലെ 9 പേര്‍ക്കും ഈ അജ്ഞാത അസുഖം ബാധിച്ചിരുന്നു. ഇതില്‍ 3 പേര്‍ മരിച്ചു. ഒരു മാസത്തിനുശേഷം 10 പേര്‍ക്ക് അസുഖം ബാധിച്ചതില്‍ 5 കുട്ടികള്‍ മരിച്ചു. ഇവര്‍ സമൂഹ അന്നദാനത്തില്‍ പങ്കെടുത്തതായി കരുതുന്നുണ്ട്. 1.5 കിലോമീറ്ററിനുള്ളിലാണ് മരണങ്ങളുണ്ടായ 3 വീടുകളും.
എന്നാല്‍ ഇത് പകര്‍ച്ചവ്യാധിയോ മറ്റ് ബാക്ടീരിയ, ഫംഗസ് ബാധയോ അല്ലെന്നും അതിനാല്‍ തന്നെ നിലവില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്..