/kalakaumudi/media/media_files/2025/01/19/rsLmQoWcEgNRQ6GJYoEv.jpg)
Indian Army
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗറി ജില്ലയിലെ ബുധാല്‍ ഗ്രാമത്തില്‍ 45 ദിവസങ്ങള്‍ക്കിടെ 16 പേര്‍ ദുരൂഹ രോഗം ബാധിച്ചു മരിച്ച സംഭവത്തില്‍ ആശങ്ക തുടരുന്നു. രോഗബാധിതരില്‍ നാഡീവ്യവസ്ഥയെ തകര്‍ക്കുന്ന വിഷപദാര്‍ഥമായ ന്യൂറോടോക്‌സിന്‍ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് പാക് അതിര്‍ത്തി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍ സൈന്യത്തെ വിന്യസിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലറാണ് ആദ്യത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നാലെ മരണങ്ങള്‍ വര്‍ധിച്ചതോടെ പ്രദേശത്തെ ജനങ്ങളില്‍ കടുത്ത ആശങ്ക ഉടലെടുത്തു. എന്താണ് സംഭവിക്കുന്നതെന്നു പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല വ്യാഴാഴ്ച ആരോഗ്യ, പൊലീസ് അധികൃതരുടെ യോഗം വിളിച്ചിരുന്നു.
ഡിസംബര്‍ ഏഴിനുണ്ടായ സംഭവത്തില്‍ സമൂഹസല്‍ക്കാരത്തില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ ഏഴു പേര്‍ക്കാണ് ആദ്യം രോഗബാധയുണ്ടായത്. ഇവിടെ അഞ്ചുപേര്‍ മരിച്ചു. പിന്നാലെ ഡിസംബര്‍ 12ന് ഒന്‍പതംഗ കുടുംബത്തിന് രോഗം ബാധിച്ചതില്‍ മൂന്നുപേര്‍ മരിച്ചു.
ജനുവരി 12ന് 10 അംഗ കുടുംബത്തിലെ രോഗബാധയില്‍ ആറു കുട്ടികള്‍ ആശുപത്രിയിലായി. ഇവരില്‍ 10 വയസ്സുകാരി ബുധനാഴ്ച രാത്രി മരിച്ചു. ഇവരുടെ 15 വയസ്സുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
''മരണങ്ങള്‍ എങ്ങനെയുണ്ടാകുന്നുവെന്നതിലെ അവ്യക്തത വളരെയധികം ആശങ്കയുണ്ടാക്കുന്നു. ആഴത്തില്‍ പഠിച്ച് എന്താണ് കാരണമെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. എല്ലാ വിഭാഗങ്ങളും സഹകരിച്ച് പഠിച്ച് പരിശോധന നടത്തണം.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭ്യമാക്കണം'' മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍നിന്ന് വിവിധ രംഗത്തെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് ഒരു സംഘത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രജൗറിയിലേക്ക് അയച്ചിട്ടുണ്ട്. ആരോഗ്യ, കൃഷി, രാസ വള, ജല വിഭവ മന്ത്രാലയങ്ങളിലെ വിദഗ്ധരാണ് സംഘത്തിലുള്ളത്.