കശ്മീരിലെ ഭീകരാക്രമണം; അന്വേഷണം എൻഐഎ ഏറ്റെടുക്കും

‘ദ് റെസിസ്റ്റൻസ് ഫ്രന്റിന്റെ’ പ്രവ‍ർത്തനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കശ്മീരിൽ ഭീകരാക്രമണം നടന്നതിനു പിന്നാലെ മുതിർന്ന എൻഐഎ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

author-image
anumol ps
New Update
kashmir attack

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗാൻദെർബാൽ ജില്ലയിലെ ഗഗൻഗീർ മേഖലയിൽ ഞായറാഴ്ച ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം എൻഐഎ ഏറ്റെടുക്കും. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാന്റെ പിന്തുണയുള്ള ഭീകരസംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രന്റ് ആണെന്നാണ് ലഭ്യമാകുന്ന വിവരം. ആക്രമണത്തിന് പിന്നിൽ ദ് റെസിസ്റ്റൻസ് ഫ്രന്റ് ആണെന്ന വാർത്തകൾക്ക് പിന്നാലെയാണ് അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്. ‘ദ് റെസിസ്റ്റൻസ് ഫ്രന്റിന്റെ’ പ്രവ‍ർത്തനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കശ്മീരിൽ ഭീകരാക്രമണം നടന്നതിനു പിന്നാലെ മുതിർന്ന എൻഐഎ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

ഈ വർഷം ജൂണിൽ ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നിലും ‘ദ് റെസിസ്റ്റൻസ് ഫ്രന്റ്’ ആയിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീരിനെ ഭീതിയിലാഴ്ത്തിയ മറ്റൊരു ഭീകരാക്രമണവും നടന്നിരിക്കുന്നത്.

അതേസമയം, ഭീകരാക്രമണത്തിന് ശക്തമായി മറുപടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഗഗൻഗീറിൽ തൊഴിലാളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഭീരുത്വമാണെന്ന് അമിത് ഷാ എക്സിൽ കുറിച്ചു. ഹീനമായ പ്രവൃത്തിയിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ലെന്നും സുരക്ഷാ സേനയിൽ നിന്ന് ഭീകരർക്ക് കടുത്ത പ്രതികരണം നേരിടേണ്ടി വരുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.

ഗാൻദെർബാൽ ജില്ലയിലെ ഗഗൻഗീർ മേഖലയിൽ തൊഴിലാളികളുടെ താമസസ്ഥലത്ത് ഭീകരർ നടത്തിയ വെടിവയ്പിൽ ഒരു ഡോക്ടറും 6 തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് വിവരം. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്.
സോനാമാർഗ് മേഖലയിൽ ശ്രീനഗർ–ലേ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവയ്പുണ്ടായത്. ജോലി കഴിഞ്ഞു തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാംപിലേക്കു തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. ആക്രമണം നടത്തിയ 2 ഭീകരരെ കണ്ടെത്താൻ സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷോപിയാനിൽ ബിഹാറിൽനിന്നുള്ള തൊഴിലാളിയെയും ഭീകരർ വെടിവച്ചുകൊന്നിരുന്നു.

NIA kashmir terrorist attack