ചാര്‍ധാം യാത്രയ്ക്ക് തുടക്കമായി

ചാര്‍ധാം യാത്രയ്ക്ക് തുടക്കമായതോടെ വന്‍ ഭക്തജന തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച രാവിലെ ക്ഷേത്രം തുറക്കുന്ന സമയത്ത് തന്നെ ദര്‍ശനത്തിനായി പതിനാറായിരത്തിലധികം ഭക്തരാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ കേദാര്‍പുരിയില്‍ എത്തിച്ചേര്‍ന്നിരുന്നത്.

author-image
Rajesh T L
New Update
kedarnath temple

kedarnath temple

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡെറാഡൂണ്‍ : ആറുമാസത്തെ ഇടവേളയ്ക്കുശേഷം കേദാര്‍നാഥ് ക്ഷേത്രം വീണ്ടും തുറന്നു. വെള്ളിയാഴ്ച രാവിലെ 7 നായിരുന്നു ക്ഷേത്രത്തിന്റെ വാതിലുകള്‍ ഭക്തര്‍ക്കായി തുറന്നു നല്‍കിയത്. ക്ഷേത്രം വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി 2000 കിലോ പൂക്കള്‍ കൊണ്ടായിരുന്നു ക്ഷേത്രത്തിന്റെ അലങ്കാരങ്ങള്‍ നടത്തിയിരുന്നത്. കേദാര്‍നാഥ് ക്ഷേത്രം വീണ്ടും തുറന്ന ശുഭമുഹൂര്‍ത്തത്തില്‍ ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടിയും നടത്തി.

മഞ്ഞുകാലം കഴിഞ്ഞ് കേദാര്‍നാഥ് ക്ഷേത്രം വീണ്ടും തുറന്നതോടെ ഭക്തര്‍ ഏറെ കാത്തിരിക്കുന്ന തീര്‍ത്ഥാടനമായ ചാര്‍ധാം യാത്രയ്ക്ക് തുടക്കമായി. ബാബ കേദാറിന്റെ പഞ്ചമുഖി ഡോളി കേദാര്‍നാഥില്‍ എത്തിയശേഷം യമുനോത്രി ധാമിന്റെയും ഗംഗോത്രി ധാമിന്റെയും വാതിലുകള്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നു. ഇനി അടുത്തതായി ബദരീനാഥ് ധാമിന്റെ വാതിലുകള്‍ കൂടി തുറക്കുന്നതോടെ ആണ് ചാര്‍ധാം തീര്‍ത്ഥാടനം പൂര്‍ണ്ണമാകുക. മെയ് 12ന് രാവിലെ ആറുമണിക്ക് ആയിരിക്കും ബദരീനാഥ് ധാമിന്റെ വാതിലുകള്‍ ഭക്തജനങ്ങള്‍ക്കായി തുറക്കുക.

ചാര്‍ധാം യാത്രയ്ക്ക് തുടക്കമായതോടെ വന്‍ ഭക്തജന തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച രാവിലെ ക്ഷേത്രം തുറക്കുന്ന സമയത്ത് തന്നെ ദര്‍ശനത്തിനായി പതിനാറായിരത്തിലധികം ഭക്തരാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ കേദാര്‍പുരിയില്‍ എത്തിച്ചേര്‍ന്നിരുന്നത്. ദേവഭൂമി ഉത്തരാഖണ്ഡിന്റെ വിശുദ്ധ ചാര്‍ധാം യാത്രയുടെ തുടക്കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം ചാര്‍ധാം തീര്‍ത്ഥാടനം നടത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും ആശംസകളും പ്രധാനമന്ത്രി അറിയിച്ചു.

kedarnath temple