/kalakaumudi/media/media_files/2025/08/13/sup-2025-08-13-14-07-32.jpg)
ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി.സിമാരെ കണ്ടെത്താന്‍ സുപ്രീം കോടതി സേര്‍ച്ച് കമ്മിറ്റിയെ നിയോഗിക്കും. കമ്മിറ്റിയിലേക്ക് അഞ്ച് പേരുകള്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും യുജിസിക്കും പേരുകള്‍ നല്‍കാം. നാളെ പേരുകള്‍ നിര്‍ദേശിക്കണം. സേര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍നിന്ന് ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് നടത്തണം. പ്രശ്‌നം പരിഹരിക്കാന്‍ കൈകൂപ്പി അഭ്യര്‍ഥിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു. വി.സി നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും യോജിപ്പിലെത്താത്ത സാഹചര്യത്തിലാണ് കോടതിയുടെ അസാധാരണ നടപടി.
എന്താണ് സ്ഥിരം വി.സി നിയമനം വൈകുന്നതെന്ന് കോടതി ചോദിച്ചു. ഗവര്‍ണര്‍ സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ആര്‍ക്കാണ് അധികാരമെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിനാണ് അധികാരമെന്ന് സര്‍ക്കാര്‍ വാദിച്ചു. അങ്ങനെയാണ് ചട്ടങ്ങളില്‍ കാണുന്നതെന്ന് കോടതിയും പറഞ്ഞു. തുടര്‍ന്നാണ്, തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സേര്‍ച്ച് കമ്മിറ്റിയെ തങ്ങള്‍ നിയമിക്കാമെന്ന് കോടതി പറഞ്ഞത്.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി.സിമാരുടെ പുനര്‍നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഗവര്‍ണര്‍ ഏകപക്ഷീയമായാണ് താല്‍ക്കാലിക വി.സിമാരെ നിയമിച്ചതെന്നും ഇതു ചട്ടവിരുദ്ധമായതിനാല്‍ ഉത്തരവു റദ്ദാക്കണമെന്നുമാണ് കേരളം നല്‍കിയ അപേക്ഷ.
നേരത്തെ വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഗവര്‍ണര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിരുന്നു. സ്ഥിരനിയമനം നടത്തുകയോ, അതുവരെ 6 മാസത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുകയോ ചെയ്യാമെന്നായിരുന്നു കോടതി ഉത്തരവ്. സുപ്രീം കോടതി ഉത്തരവിനു പിന്നാലെ ഡോ.സിസ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാലയിലും കെ. ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാലയിലും താല്‍ക്കാലിക വിസിമാരായി പുനര്‍നിയമിച്ച് ഗവര്‍ണര്‍ വിജ്ഞാപനമിറക്കിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
