/kalakaumudi/media/media_files/2025/08/11/thozhil-2025-08-11-12-18-28.jpg)
തിരുവനന്തപുരം: വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ്. രാഹുലിന്റെ ആരോപണങ്ങള്‍ക്ക് അദ്ദേഹം രാജ്യത്തോട് മാപ്പുപറയണമെന്നാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ന് രാഹുലിന് കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.
തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ടിലും ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കേരളത്തിലും വോട്ടിംഗിനെക്കുറിച്ച് ചര്‍ച്ച ചൂടുപിടിക്കുകയാണ്.
ബിഹാറിലെ വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താകുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് പോയ കുടിയേറ്റ തൊഴിലാളികളുടെ വോട്ടുകള്‍ അവര്‍ തൊഴിലെടുക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാറ്റണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ നിര്‍ദ്ദേശം ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ തൊഴിലെടുക്കുന്ന കേരളത്തെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോവുക.
കണക്കുകള്‍ നോക്കിയാല്‍ ബംഗാള്‍, യു.പി, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളും കേരളത്തിലെ വോട്ടര്‍മാരായി മാറും. ഇതോടെ തൊഴിലെടുക്കാന്‍ വന്ന അതിഥി തൊഴിലാളികളുടെ വോട്ട് കേരളത്തിന്റെ ജനവിധിയില്‍ നിര്‍ണായകമാകും.
ബിഹാറില്‍ വോട്ടര്‍ പട്ടിക തീവ്രപരിശോധനയുടെ അപേക്ഷാ സമര്‍പ്പണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിട്ട കരട് വോട്ടര്‍പട്ടികയില്‍നിന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തൊഴിലിന് പോയ നിരവധി വോട്ടര്‍മാരെയാണ് വെട്ടിമാറ്റിയിരിക്കുന്നത്. തങ്ങളുടെ വോട്ടര്‍പട്ടിക പരിശോധനക്കുള്ള അപേക്ഷ ഫോറങ്ങള്‍ പൂരിപ്പിച്ച് നല്‍കാത്തവരെ ''സ്ഥിരമായി മാറി താമസിച്ചവര്‍/കാണാന്‍ കഴിയാത്തവര്‍'' എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 1950ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 19ാം വകുപ്പ് പ്രകാരം ഒരാളെ ഒരു മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കണമെങ്കില്‍ ആ മണ്ഡലത്തിലെ 'സാധാരണ താമസക്കാരന്‍' ആയിരിക്കണം എന്ന നിബന്ധനയില്‍ പിടിച്ചാണ് തൊഴില്‍ തേടിപ്പോയവരെ നീക്കം ചെയ്തിരിക്കുന്നത്.
ജനപ്രാതിനിധ്യ നിയമത്തിന്റെ 20ാം വകുപ്പ് 'സാധാരണ താമസക്കാരന്‍' എന്നതിന് നല്‍കിയ വിവക്ഷയാണ് കമ്മിഷന്‍ ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ വീടുള്ളതുകൊണ്ട് മാത്രം അവിടത്തെ 'സാധാരണ താമസക്കാരന്‍' എന്നര്‍ഥമില്ല എന്നും അതേസമയം താല്‍ക്കാലികമായി സ്വന്തം നാട്ടില്‍ ഇല്ലാതെ പോയവരെ 'സാധാരണ താമസക്കാരന്‍' ആയി കണക്കാക്കുമെന്നും 20ാം വകുപ്പ് വ്യക്തമാക്കുന്നു.
ഈ വ്യാഖ്യാനത്തിലൂടെ ബിഹാറിലെ കരട് വോട്ടര്‍ പട്ടികയില്‍നിന്നും അന്തിമ വോട്ടര്‍പട്ടികയില്‍നിന്നും തൊഴിലിനായി കേരളത്തിലേക്ക് വന്നവരെയും നീക്കം ചെയ്യില്ലേ എന്ന ചോദ്യത്തിന് ഇതരസംസ്ഥാനങ്ങളിലേക്ക് തൊഴിലെടുക്കാന്‍ പോയവര്‍ക്ക് ബിഹാറില്‍ അല്ല അവര്‍ പോയ സംസ്ഥാനങ്ങളിലായിരിക്കും വോട്ട് എന്ന ഉത്തരമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയത്. ബിഹാറിനുശേഷം എസ്.ഐ.ആര്‍ നടത്തുന്ന ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം ഇതേ നിലപാടായിരിക്കും സ്വീകരിക്കുകയെന്നും കമ്മിഷന്‍ പറയുന്നു. കേരളത്തില്‍ എസ്.ഐ.ആര്‍ നടത്തുമ്പോള്‍ ഇതരസംസ്ഥാനങ്ങളിലേക്ക് തൊഴിലെടുക്കാന്‍ പോയവരെ വോട്ടര്‍പട്ടികയില്‍ നിന്നുമൊഴിവാക്കും. അവരും തങ്ങള്‍ തൊഴിലിന്റെ ഭാഗമായി താമസിക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കണമെന്നുമാണ് കമ്മിഷന്‍ പറയുന്നത്.