/kalakaumudi/media/media_files/2025/07/29/kanya-2025-07-29-13-20-41.jpg)
റായ്പുര്‍: ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് രാഷ്ട്രീയ നിറം നല്‍കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി. പ്രലോഭനത്തിലൂടെ മനുഷ്യക്കടത്തിനും മതപരിവര്‍ത്തനത്തിനും ശ്രമം നടന്നുവെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി പറയുന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയത്തിനാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിഷ്ണുദേവ് സായി പറഞ്ഞു.
ഇത് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ഒരു ഗുരുതരമായ വിഷയമാണ്. ഈ കേസിലെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. വിഷയം കോടതിയുടെ പരിഗണനയിലാണ്, നിയമം അതിന്റെ വഴിക്കുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 'നാരായണ്‍പുരില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികള്‍ക്ക് നഴ്സിംഗ് പരിശീലനവും തുടര്‍ന്ന് ജോലിയും വാഗ്ദാനം ചെയ്തിരുന്നു. നാരായണ്‍പുര്‍ സ്വദേശിയായ ഒരാള്‍ ദുര്‍ഗ് സ്റ്റേഷനില്‍ വെച്ച് ഈ പെണ്‍കുട്ടികളെ, രണ്ട് കന്യാസ്ത്രീകള്‍ക്ക് കൈമാറി' ഛത്തീസ്ഗഢ് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.
'എല്ലാ മതങ്ങളിലും സമുദായങ്ങളിലും പെട്ട ആളുകള്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന സമാധാനപരമായ ഒരു സംസ്ഥാനമാണ് ഛത്തീസ്ഗഢ്. നമ്മുടെ ബസ്തറിലെ പെണ്‍മക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കുന്നത് അതീവ ദൗര്‍ഭാഗ്യകരമാണ്'വിഷ്ണുദേവ് സായി പറഞ്ഞു.
ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് അറസ്റ്റിലായ കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവര്‍ നിലവില്‍ റിമാന്‍ഡിലാണ്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരിഒരു പറ്റം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസസഭയിലെ സിസ്റ്റര്‍മാരാണ് അറസ്റ്റിലായ വന്ദനയും പ്രീതിയും. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് വെള്ളിയാഴ്ച്ച ഇവരെ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തത്. സിറോ മലബാര്‍ സഭയുടെ കീഴില്‍ ചേര്‍ത്തല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്ന്യാസ സഭയിലെ അംഗങ്ങളാണ് അങ്കമാലി, കണ്ണൂര്‍ സ്വദേശിനികളായ വന്ദനയും പ്രീതിയും. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇവര്‍ ഗാര്‍ഹിക ജോലികള്‍ക്കായി മൂന്നു പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നതാണ്. ഒരു പെണ്‍കുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. ഒരു സംഘമാളുകള്‍ ഇവരെ തടഞ്ഞുവെക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഒരു പെണ്‍കുട്ടി തന്റെ സമ്മതമില്ലാതെയാണ് ജോലിക്കു കൊണ്ടുവന്നതെന്നു മൊഴി നല്‍കിയതോടെ സ്ഥിതി വഷളായി. പെണ്‍കുട്ടികള്‍ ആധാര്‍ കാര്‍ഡുകള്‍ കരുതിയിരുന്നില്ല. മനുഷ്യക്കടത്ത്, മതപരിവര്‍ത്തനം എന്നീ കുറ്റങ്ങളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇത്തരം പ്രശ്‌നങ്ങള്‍ പതിവായതോടെ പൊതുവിടങ്ങളില്‍ യാത്രചെയ്യുമ്പോള്‍ സഭാവസ്ത്രം ഉപേക്ഷിച്ച് സാധാരണവേഷം ധരിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് അനൗദ്യോഗിക നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന വൈദികര്‍തന്നെയാണ് വൈദികരുടെയും കന്യാസ്ത്രീകളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതു ചെയ്യാറുണ്ടെങ്കിലും സഹോദരനൊപ്പം വരുന്ന പെണ്‍കുട്ടികളെച്ചൊല്ലി വിവാദമുണ്ടാകുമെന്നു കരുതിയില്ലെന്ന് മുതിര്‍ന്ന കന്യാസ്ത്രീ പറഞ്ഞു. ജോലിക്കുവരുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളെ കൂട്ടാനും അവരുടെ യാത്രാച്ചെലവ് വഹിക്കാനുമാണ് മറ്റൊരു നിര്‍ദേശം.