കൊച്ചി: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ രണ്ട് ദിവസത്തെ ക്ഷേത്ര ദർശനത്തിന് കേരളത്തിൽ എത്തി. ചോറ്റാനിക്കര കുരീക്കാട് അഗസ്ത്യാശ്രമത്തിൽ എത്തി ക്ഷേത്ര സന്ദർശനം കഴിഞ്ഞ് ആയുർവേദ ചികിത്സയും കഴിഞ്ഞാണ് മടങ്ങിയത്. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തേക്ക് പോകും.
നാളെ തിരുവല്ലം പരശുരാമ ക്ഷേത്ര ദർശനവും കഴിഞ്ഞ് മടങ്ങും. കേരള സന്ദർശനം രാഷ്ട്രീയമല്ല, ആത്മീയമാണെന്ന് ആന്ധ്രപ്രദേശ് ഉപ മുഖ്യമന്ത്രി പവൻ കല്യാൺ മാധ്യമങ്ങളോട് പറഞ്ഞു.
നട്ടെല്ലിന് ക്ഷതം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. വർഷങ്ങളായുള്ള ആഗ്രഹമാണ് കേരള, തമിഴ്നാട് എന്നിവിടങ്ങളിലെ മുരുകൻ ക്ഷേത്രങ്ങൾ സന്ദർശിക്കണമെന്നത്. ക്ഷേത്ര ദർശനത്തോട് ഒപ്പം വൈദ്യോപദേശം തേടാനാണ് അഗസ്ത്യാശ്രമത്തിൽ എത്തിയത്.
സന്ദർശത്തിന് പിന്നിൽ രാഷ്ട്രീയ താല്പര്യങ്ങൾ ഇല്ലെന്നും പവൻ കല്യാണ്‍ പറഞ്ഞു. തിരുപ്പതി ലഡ്ഡുവുമായുള്ള വിവാദത്തിൽ സഹിക്കാൻ വയ്യാത്തത് കൊണ്ടാണ് പ്രതികരിച്ചത്. പുഷപ 2ന്റെ റിലീസുമായി ബന്ധപ്പെട്ട് അല്ലു അർജുന്റെ അറസ്റ്റ് സംഭവിക്കാൻ പാടില്ലാത്തത് ആണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ താരങ്ങൾ അനുകമ്പയോടെയും മനുഷ്യത്വപരമായും പെരുമാറണമെന്നും പവൻ കല്യാണ്‍ പ്രതികരിച്ചു.