/kalakaumudi/media/media_files/Iz1J1URPjErjTPZq3uXL.jpeg)
ധാക്ക: ആഭ്യന്തര കലാപത്തെ തുടർന്ന് ഷെയ്ഖ് ഹസീനയുടെ പലായനത്തിന് പിന്നാലെ ജയില്‍ മോചിതയായ ശേഷം രാജ്യത്തെ സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ. ഫാസിസ്റ്റ് സര്‍ക്കാരില്‍നിന്ന് സ്വാതന്ത്ര്യം നേടിയെന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചിത്രീകരിച്ച വീഡിയോ സന്ദേശത്തില്‍ ഖാലിദ സിയ അവകാശപ്പെട്ടു.
ഈ വിജയത്തില്‍നിന്ന് പുതിയ ബംഗ്ലാദേശിനെ പടുത്തുയര്‍ത്തണം. അസാധ്യമായ കാര്യങ്ങള്‍ സാധ്യമാക്കാന്‍ അവസാനംവരെ പോരാടിയ ധീരരായ കുട്ടികളെ അഭിവാദ്യംചെയ്യുന്നു. ജീവന്‍ നഷ്ടമായ ധീരന്മാര്‍ക്ക് ആദരമര്‍പ്പിക്കുന്നു. എല്ലാ മതവിഭാഗങ്ങളും ആദരിക്കപ്പെടുന്ന ജനാധിപത്യ ബംഗ്ലാദേശാണ് കെട്ടിപ്പടുക്കേണ്ടത്. യുവാക്കളും വിദ്യാര്‍ഥികളും ചേര്‍ന്ന് ഇത് പ്രാവര്‍ത്തികമാക്കും. ശാന്തിയും സമാധാനവുമുള്ള പുരോഗമന രാജ്യമാണ് പടുത്തുയര്‍ത്തേണ്ടത്. പ്രതികാരവും വിദ്വേഷവുമില്ലാത്ത രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.
ബംഗ്ലാദേശിലെ പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ ചെയര്‍പേഴ്‌സണാണ് ഖാലിദ. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് അഴിമതി ആരോപിച്ച് ഖാലിദ സിയയ്ക്ക് 17 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഹസീന രാജ്യംവിട്ടതിന് പിന്നാലെ പ്രത്യേക മോചന ഉത്തരവിലൂടെ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ഖാലിദയ്ക്ക് ശിക്ഷാ ഇളവ് നല്‍കി.
അതേസമയം, നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെതിരായ കേസില്‍ അദ്ദേഹത്തെ ബംഗ്ലാദേശ് കോടതി കുറ്റവിമുക്തനാക്കിയെന്ന് അഭിഭാഷകന്‍ അറിയിച്ചു. തൊഴില്‍ നിയമങ്ങളുടെ ലംഘനം ആരോപിച്ച് യൂനുസിനെ ആറുമാസം തടവിന് ശിക്ഷിച്ചിരുന്നു. അപ്പീല്‍ പരിഗണനയിലിരിക്കെ കേസില്‍ ജാമ്യം ലഭിച്ച യൂനുസ് രാജ്യം വിട്ടിരുന്നു.