കേന്ദ്രത്തിന്റെ 48 സ്റ്റേഷനുകളുടെ പട്ടികയില്‍ കേരളത്തിലെ 3 സ്റ്റേഷനുകളും

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുന്നതില്‍ കൊച്ചി നിര്‍ണായക പങ്കു വഹിക്കുന്നു. നിലവിലുള്ള യാത്രാ, ചരക്ക് ഗതാഗതത്തിന്റെ വലിയൊരു പങ്ക് കൊച്ചിയിലൂടെയാണ് കടന്നു പോകുന്നത്.

author-image
Biju
New Update
EKM RAIL

കൊച്ചി: രാജ്യത്തിന്റെ റെയില്‍വേ വികസനത്തില്‍ അതിനിര്‍ണായക ചുവടുവയ്പ്പാണ് കൊച്ചി കേന്ദ്രീകരിച്ചുള്ള 3 സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയതെന്നു വിലയിരുത്തല്‍. എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളും തൃപ്പൂണിത്തുറ സ്റ്റേഷനുമാണു കേന്ദ്രത്തിന്റെ 48 സ്റ്റേഷനുകളുടെ പട്ടികയില്‍ ഇടംപിടിച്ചത്. അടുത്ത 5 കൊല്ലത്തിനിടയില്‍ റെയില്‍വേ നടത്തുന്ന വന്‍ വികസന പദ്ധതികളുടെ കേന്ദ്രമാകുന്ന സ്റ്റേഷനുകള്‍ തിരഞ്ഞെടുക്കാന്‍ ഓരോ റെയില്‍വേ സോണുകള്‍ക്കും റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ റെയില്‍വേ തിരഞ്ഞെടുത്തത് 3 സ്ഥലങ്ങളാണ്. 

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുന്നതില്‍ കൊച്ചി നിര്‍ണായക പങ്കു വഹിക്കുന്നു. നിലവിലുള്ള യാത്രാ, ചരക്ക് ഗതാഗതത്തിന്റെ വലിയൊരു പങ്ക് കൊച്ചിയിലൂടെയാണ് കടന്നു പോകുന്നത്. ദീര്‍ഘദൂര, ഇന്റര്‍സിറ്റി, പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ കടന്നു പോകുന്ന പ്രധാന സ്റ്റേഷനുകളാണ് കൊച്ചിയിലെ മൂന്നും. എറണാകുളം സൗത്ത്, നോര്‍ത്ത്, തൃപ്പൂണിത്തുറ സ്റ്റേഷനുകളുടെ വികസനം കൊച്ചിയുടെ വാണിജ്യ, വ്യാവസായ, വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് ഇക്കാര്യം പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര റെയില്‍മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയത്. മാത്രമല്ല, ഈ മേഖലയില്‍ ഉടനീളം തടസമില്ലാത്ത റെയില്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതില്‍ കൊച്ചിക്ക് നിര്‍ണായക സ്ഥാനവുമുണ്ട്.

കൊച്ചി കേന്ദ്രമായ കോച്ചിങ് ടെര്‍മിനലുകള്‍ വികസിപ്പിക്കുകയാണ് പദ്ധതി. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതു കൂടി കണക്കിലെടുത്ത് 2030ന് മുമ്പ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് നിലവിലുള്ള ട്രെയിനുകളുടെ ഇരട്ടി ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങാനാണ് റെയില്‍വെ ലക്ഷ്യമിടുന്നത്. അതിനായി തിരഞ്ഞെടുത്ത കോച്ചിങ് ടെര്‍മിനലുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് പുതിയ പ്രഖ്യാപനം. കൃത്യമായി ഫണ്ട് വകയിരുത്തി, സമയക്രമം നിശ്ചയിച്ചാണ് പ്രവര്‍ത്തനം.

എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ 150.2 കോടി രൂപ ചിലവില്‍ രണ്ടു ഘട്ടമായി നിലവില്‍ നടന്നു വരികയാണ്. ആദ്യഘട്ടം 2026 മേയില്‍ പൂര്‍ത്തിയാക്കും. തുടര്‍ന്നായിരിക്കും രണ്ടാം ഘട്ടം. യാത്രക്കാര്‍ക്കുള്ള അസൗകര്യം കുറയ്ക്കുന്നത് കണക്കിലെടുത്താണ് രണ്ടു ഘട്ടമായുള്ള പ്രവര്‍ത്തനം. ഒന്നാം ഘട്ടത്തിന്റെ ഭാഗമായി സ്റ്റേഷന്റെ തെക്കുഭാഗത്താണ് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിനായി ഇവിടെയുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, പാഴ്‌സല്‍ ഓഫീസ്, സ്റ്റേഷന്‍ മാസ്റ്ററുടെ ഡ്യൂട്ടി റൂം, സബ്‌സ്റ്റേഷന്‍ തുടങ്ങിയവ മാറ്റി സ്ഥാപിച്ചു. പടിഞ്ഞാറുള്ള ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഇനി ഫിനിഷിങ് ജോലികള്‍ മാത്രം. 200 കാറുകള്‍ക്കുള്ള മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനത്തിന്റെ നിര്‍മാണവും പൂര്‍ത്തിയായി. അഗ്‌നിയില്‍ നിന്നുള്ള സംരക്ഷണം, പെയിന്റിങ്, മറ്റു ഫിനിഷിങ് ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്. 12 മീറ്റര്‍ വരുന്ന ഫൂട് ഓവര്‍ബ്രിഡ്ജിന്റെ അടിസ്ഥാന ജോലികള്‍ പൂര്‍ത്തിയാക്കി. രണ്ടാം പ്ലാറ്റ്‌ഫോമിലെ വികസനവും ഇവിടെ ശുചിമുറി സംവിധാനങ്ങളുടെ നിര്‍മാണവും നടന്നുകൊണ്ടിരിക്കുന്നു. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓഫീസുകളും മറ്റും മാറ്റിയ ശേഷം വടക്കു ഭാഗത്തുള്ള കെട്ടിടം പൊളിക്കും. ഈ ജോലികള്‍ 2026 മേയില്‍ പൂര്‍ത്തിയാക്കും.

കരാറുകാരെ മാറ്റിയതടക്കമുള്ള തടസങ്ങള്‍ മൂലം നിലവില്‍ ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. പുതിയ കരാറുകാരെ കണ്ടെത്തുന്ന ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. അടുത്ത മാസത്തോടെ ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. 300 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ ലക്ഷ്യമിട്ടിരിക്കുന്നത്. തൊട്ടടുത്തുള്ള എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിലേക്കുള്ള ആകാശ ഇടനാഴി അടക്കമുള്ള പദ്ധതികള്‍ ലക്ഷ്യമിട്ടുള്ളവയിലുണ്ടെങ്കിലും ഏതാനും മാസങ്ങളായി കാര്യമായ പുരോഗതിയില്ല. ലിഫ്റ്റ്, എസ്‌കലേറ്റര്‍ സൗകര്യങ്ങളുടെ കുറവും യാത്രക്കാര്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. മഴക്കാലമായാല്‍ സ്റ്റേഷനിലെത്തണമെങ്കില്‍ ഭഗീരഥ പ്രയത്‌നം വേണ്ടിവരുമെന്നുമുള്ള പ്രശ്‌നങ്ങളും ഒട്ടേറെ തവണ ചര്‍ച്ചയായിട്ടുള്ളതാണ്. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടുന്നതും നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടുന്നതും പോലുള്ള ജോലികളും പൂര്‍ത്തിയാകേണ്ടതുണ്ട്. പുതിയ പ്രഖ്യാപനമനുസരിച്ച് കൂടുതല്‍ ട്രെയിനുകള്‍ ഇവിടെ നിന്ന് ആരംഭിക്കണമെങ്കില്‍ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം കൂട്ടുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്.

അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ അന്തിമ ഘട്ടത്തിലാണ്. എറണാകുളം നഗരത്തിലുള്ള റെയില്‍വേ സ്റ്റേഷനുകളുടെ ബഫര്‍ സ്റ്റേഷനായി പരിഗണിക്കാവുന്നതാണ് തൃപ്പൂണിത്തുറ. മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ആകാശപ്പാതയും ഇവിടെ പരിഗണനയിലുണ്ട്. ലിഫ്റ്റിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. നിലവില്‍ 2 പ്ലാറ്റ്‌ഫോം മാത്രമുള്ള ഇവിടെ മൂന്നാമതൊരു പ്ലാറ്റ്‌ഫോം കൂടി നിര്‍മിച്ചാല്‍ മറ്റു രണ്ടു സ്റ്റേഷനുകളുടെയും തിരക്ക് കുറയ്ക്കാന്‍ സാധിക്കും. നിലവില്‍ ചുറ്റുമതില്‍ പൊളിച്ചിട്ടിരിക്കുന്ന രണ്ടാം പ്ലാറ്റ്‌ഫോമിനടുത്ത് മൂന്നാമതൊരു പ്ലാറ്റ്‌ഫോമിനായി ട്രാക്കുകള്‍ മാത്രം ക്രമീകരിച്ചാല്‍ മതിയെന്ന് ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് പോലുള്ള യാത്രക്കാരുടെ സംഘടനകളും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.