ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സ്വമേധയാ എടുത്ത കേസിലാണ് ഇന്ന് സുപ്രീംകോടതി വാദം കേൾക്കുന്നത്.രാവിലെ 10.30 നാണ് കേസിൽ വാദം കേൾക്കുന്നത്.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് വാദം കേൾക്കാനുള്ള കേസുകളുടെ പട്ടികയിൽ കൊൽക്കത്ത കേസിന് പ്രഥമ പരിഗണന നൽകി. ഡോക്ടർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്‌സ് ഓഫ് ഇന്ത്യ (FAMCI), ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (FORDA), അഭിഭാഷകൻ വിശാൽ തിവാരി എന്നിവരും സ്വമേധയായുള്ള കേസിൽ ഇടക്കാല അപേക്ഷകൾ നൽകി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ആശുപത്രികൾക്കുള്ളിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വത്തെക്കുറിച്ചും മെഡിക്കൽ സൗകര്യങ്ങളുടെ അപകടകരമായ അന്തരീക്ഷത്തെക്കുറിച്ചും FAMCI ഹർജിയിൽ ആശങ്ക ഉന്നയിച്ചു. ഈ ആശങ്കകൾ പരിഹരിക്കാൻ ഒരു കേന്ദ്ര നിയമം വേണമെന്ന് ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. കൂടാതെ ഡോക്ടർമാരുടെ സുരക്ഷയ്‌ക്കായി ഓരോ സംസ്ഥാനത്തുമുള്ള നിയമങ്ങളിലെ പാളിച്ചകൾ പരിഹരിക്കണമെന്നും സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും സുരക്ഷാ നടപടികൾ വർധിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.