കൊല്‍ക്കത്ത: അര്‍.ജി. കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ആറുപേരുടെ നുണപരിശോധന നടത്തി . മുഖ്യപ്രതി സഞ്ജയ് റോയി, കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് എന്നിവരെ കൂടാതെ യുവതിയുടെ നാല് സഹപ്രവർത്തകരേയും നുണപരിശോധനയ്ക്ക് വിധേയരാക്കി.
തടവിൽവെച്ചായിരിക്കും മുഖ്യപ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന നടത്തുക . ഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ പോളിഗ്രാഫ് വിദഗ്ധർ പരിശോധനയ്ക്കായി കൊൽക്കത്തയിലെത്തിയതായി അധികൃതർ അറിയിച്ചു. മറ്റ് ആഞ്ചുപേരുടേയും നുണപരിശോധന സി.ബി.ഐ ഓഫീസിൽ വെച്ചായിരിക്കും നടത്തുക.
അതേസമയം, യുവതിയുടെ കൊലപാതകത്തിൽ സഹപ്രവർത്തർക്ക് നേരിട്ട് പങ്കില്ലെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ, തെളിവ് നശിപ്പിക്കുകയോ ഗൂഢാലോചനയുടെ ഭാഗമാകുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പരിശോധന. ഇവരിൽ രണ്ട് പേരുടെ വിരലടയാളം മൃതദേഹം കണ്ടെത്തിയ മൂന്നാം നിലയിലെ സെമിനാർ ഹാളിൽനിന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
കേസിലെ മുഖ്യപ്രതി അർധരാത്രിക്കുശേഷം ആശുപത്രിയിൽ പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യം അധികൃതർ പുറത്തുവിട്ടു. ഒരു ബ്ലൂടൂത്ത് ഇയർഫോൺ ധരിച്ച് ഇയാൾ നിൽക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ഇത്തരമൊരു ബ്ലൂടൂത്ത് ഇയർഫോൺ നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.ഓഗസ്റ്റ് ഒമ്പതിനായിരുന്നു വനിതാ പി.ജി. ട്രെയിനി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തുന്നത്. സംഭവത്തിൽ, പ്രതിയായ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.