/kalakaumudi/media/media_files/2026/01/18/kuki-2026-01-18-10-40-44.jpg)
ഇംഫാല്‍: 2023 മേയ് മാസത്തില്‍ മണിപ്പുരില്‍ മെയ്‌തേയ് - കുക്കി വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ഇംഫാലില്‍ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കുക്കി വംശജയായ യുവതി മരിച്ചു. പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസികാഘാതവും ശാരീരിക ബുദ്ധിമുട്ടുകളും ആരോഗ്യം വഷളാക്കിയതിനെത്തുടര്‍ന്നാണ് മരണം. രണ്ട് വര്‍ഷം മുന്‍പ് നേരിട്ട ശാരീരിക ബുദ്ധിമുട്ടികളില്‍ നിന്നും യുവതി ഒരിക്കലും മുക്തയായിരുന്നില്ലെന്നും ഇത് ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നതായും കുടുംബം പറഞ്ഞു.
മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ട ചില പുരുഷന്മാരില്‍ നിന്ന് താന്‍ നേരിട്ട ക്രൂരതകളെക്കുറിച്ച് യുവതി 2023ല്‍ തുറന്നുപറഞ്ഞിരുന്നു. കഠിനമായ പരുക്കുകളോടെ രക്ഷപ്പെട്ട യുവതിക്ക് സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിനാല്‍ പീഡനം നടന്ന് രണ്ട് മാസത്തിനു ശേഷമായിരുന്നു പൊലീസില്‍ പരാതി നല്‍കാനായത്. അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, മാനസികാഘാതവും ഗര്‍ഭപാത്ര സംബന്ധമായ സങ്കീര്‍ണതകളും അനുഭവിച്ചിരുന്നു. കഠിനമായ പരുക്കുകള്‍ കാരണം മകള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നതായും യുവതിയുടെ അമ്മ പറഞ്ഞു.
''ഈ ക്രൂരതയ്ക്ക് ഇരയാകുന്നതിന് മുന്‍പ് എന്റെ മകള്‍ വളരെ ഉന്മേഷവതിയായ പെണ്‍കുട്ടിയായിരുന്നു. ഇംഫാലിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുകയായിരുന്നു. അവള്‍ക്ക് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു, എപ്പോഴും ചിരിച്ചുകൊണ്ട് നടന്നിരുന്ന അവള്‍ക്ക് ആ സംഭവത്തിനു ശേഷം അവളുടെ ചിരി നഷ്ടപ്പെട്ടു'' യുവതിയുടെ അമ്മ പറഞ്ഞു.
കറുത്ത ഷര്‍ട്ട് ധരിച്ച നാല് സായുധര്‍ തന്നെ കുന്നിന്‍ പ്രദേശത്തേക്ക് കൊണ്ടുപോയെന്നും അവരില്‍ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നും 20 വയസ്സുകാരിയായ യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. കലാപസമയത്ത് ആയുധമെടുത്ത അരമ്പായ് തെംഗോള്‍ എന്ന മെയ്‌തേയ് ഗ്രൂപ്പിലെ അംഗങ്ങളാണ് കറുത്ത ഷര്‍ട്ട് ധരിക്കുന്നത്. മീര പൈബി അംഗങ്ങളാണ് പെണ്‍കുട്ടിയെ മെയ്‌തേയ് പുരുഷന്മാര്‍ക്ക് കൈമാറിയതെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചിരുന്നു.
''ഒരു വെള്ള കാറില്‍ നാലുപേര്‍ ചേര്‍ന്നാണ് എന്നെ കൊണ്ടുപോയത്. ഡ്രൈവര്‍ ഒഴികെയുള്ള മൂന്നുപേര്‍ എന്നെ ലൈംഗികമായി ഉപദ്രവിച്ചു. രാത്രി മുഴുവന്‍ എനിക്ക് ഭക്ഷണമോ വെള്ളമോ നല്‍കിയില്ല. രാവിലെ ശുചിമുറിയില്‍ പോകാനെന്ന വ്യാജേന ഞാന്‍ കണ്ണിലെ കെട്ട് മാറ്റി ചുറ്റും നോക്കി. തുടര്‍ന്ന് കുന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ഒളിച്ചിരുന്ന എന്നെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് സുരക്ഷിത സ്ഥാനത്തെത്തിച്ചത്. അവിടെനിന്ന് അയല്‍സംസ്ഥാനമായ നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കോഹിമയിലെ ആശുപത്രിയിലേക്ക് മാറ്റി'' യുവതി പറഞ്ഞിരുന്നു. യുവതിയുടെ ഓര്‍മയ്ക്കായി മെഴുകുതിരി തെളിയിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുമെന്ന് ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
