പട്ന: ജോലിക്ക് പകരം ഭൂമി അഴിമതിക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് സമന്‍സ്. ലാലുവിന് പുറമേ മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവര്‍ക്കും അഖിലേശ്വര്‍ സിംഗ്, ഹസാരി പ്രസാദ് റായി, സഞ്ജയ് റായി, ധര്‍മേന്ദ്ര സിംഗ്, കിരണ്‍ ദേലവി എന്നിവര്‍ക്കും കോടതി സമന്‍സ് അയച്ചു. ഡല്‍ഹി റൗസ് അവന്യൂ കോടതിയുടേതാണ് നടപടി. ഒക്ടോബര്‍ ഏഴിന് മുന്‍പ് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
2004-2009 കാലഘട്ടത്തില്‍ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന കാലത്താണ് സംഭവം നടന്നത്. ഗ്രൂപ്പ് ഡി നിയമനങ്ങള്‍ക്ക് പകരമായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമിയും വസ്തുക്കളും തുച്ഛ വിലയ്ക്ക് കുടുംബാംഗങ്ങളുടെയും ആശ്രിതരുടേയും പേരില്‍ എഴുതി വാങ്ങിയെന്നാണ് കേസ്. ജോലി ഒഴിവുകള്‍ പരസ്യപ്പെടുത്താതെയായിരുന്നു നിയമനങ്ങള്‍. നേരത്തേ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ആറ് കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ഡല്‍ഹിയിലേയും പട്നയിലേയും സ്വത്തുക്കളായിരുന്നു കണ്ടുകെട്ടിയത്.
ഇഡിക്ക് പുറമേ സിബിഐയും കേസ് അന്വേഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ലാലു പ്രസാദിന് പുറമേ 77 പേരെയാണ് സിബിഐ കേസില്‍ പ്രതിയാക്കിയിട്ടുള്ളത്. 2022 മെയ് പതിനെട്ടിനായിരുന്നു സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.