ഭാഷ മതമല്ല, ഉറുദു ഹിന്ദിയും മറാത്തിയും പോലെ ഇന്തോ-ആര്യൻ ഭാഷ'; ഉറുദു സൈൻ ബോർഡിനെതിരായ ഹർജി തള്ളി സുപ്രീംകോടതി

ഉറുദുവിനെ മുസ്ലീങ്ങളുടെ ഭാഷയായി കണക്കാക്കുന്നത് യാഥാർത്ഥ്യത്തിൽ നിന്നും നാനാത്വത്തിലെ ഏകത്വത്തിൽ നിന്നുമുള്ള വ്യതിചലനമാണെന്ന് ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

author-image
Anitha
New Update
jkshwadj

ഡൽഹി : ഭാഷ മതമല്ലെന്നും ഭാഷ ജനങ്ങളെയും സമൂഹത്തെയും പ്രദേശത്തെയും സംസ്കാരത്തെയും പ്രതിനിധീകരിക്കുന്നുവെന്നും സുപ്രീംകോടതി. ഉറുദു സൈൻ ബോർഡുകൾക്കെതിരായ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഉറുദുവിനെ മുസ്ലീങ്ങളുടെ ഭാഷയായി കണക്കാക്കുന്നത് യാഥാർത്ഥ്യത്തിൽ നിന്നും നാനാത്വത്തിലെ ഏകത്വത്തിൽ നിന്നുമുള്ള വ്യതിചലനമാണെന്ന് ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ ഒരു മുനിസിപ്പൽ കൗൺസിലിന്‍റെ നെയിം ബോർഡ് ഉറുദുവിൽ എഴുതിയതിനെ ചോദ്യംചെയ്തായിരുന്നു ഹർജി. അകോള ജില്ലയിലെ പാടൂരിലെ മുൻ കൗൺസിലറായ വർഷതായ് സഞ്ജയ് ബഗാഡെയാണ് ഹർജി സമർപ്പിച്ചത്. മുനിസിപ്പൽ കൗൺസിലിന്‍റെ നെയിം ബോർഡ് മറാത്തിക്കൊപ്പം ഉറുദുവിലും എഴുതിയതിനെയാണ് ചോദ്യംചെയ്തത്. മുനിസിപ്പൽ കൗൺസിലിന്‍റെ പ്രവർത്തനങ്ങൾ മറാത്തിയിൽ മാത്രമേ പാടുള്ളൂവെന്നായിരുന്നു വാദം. നേരത്തെ ബോംബെ ഹൈക്കോടതി ഹർജി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

ഭാഷ മതമല്ലെന്നും അത് മതത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭാഷ ഒരു സമൂഹത്തിന്റേതാണ്, ഒരു പ്രദേശത്തിന്റേതാണ്, ജനങ്ങളുടേതാണ്. ഏതെങ്കിലും ഒരു മതത്തിന്‍റെതല്ല. ഭാഷ സംസ്കാരമാണ്. ഉറുദു അന്യമായൊരു ഭാഷയല്ല. മറാത്തിയും ഹിന്ദിയും പോലെ ഉറുദുവും ഒരു ഇന്തോ-ആര്യൻ ഭാഷയാണെന്ന് കോടതി വിശദീകരിച്ചു. ഈ നാട്ടിൽ ഉരുത്തിരിഞ്ഞ ഭാഷയാണിത്. പ്രദേശവാസികൾക്ക് ആ ഭാഷ മനസ്സിലാകുന്നതിനാലാണ് മറാത്തിക്കൊപ്പം ഉറുദുവിലും സൈൻ ബോർഡ് എഴുതിയതെന്ന് കോടതി വിലയിരുത്തി. 

മുനിസിപ്പൽ കൗൺസിലിന്‍റെ പരിധിയിൽ വരുന്ന പ്രദേശത്ത് താമസിക്കുന്ന ആളുകൾക്ക് ​​ഉറുദു പരിചിതമാണെങ്കിൽ, ഔദ്യോഗിക ഭാഷയ്ക്ക് പുറമേ ഉറുദു ഉപയോഗിക്കുന്നതിൽ ഒരു എതിർപ്പും ഉണ്ടാകരുത്. ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആശയ കൈമാറ്റത്തിനുള്ള മാധ്യമമാണ് ഭാഷ. അത് അവരെ വിഭജിക്കാൻ കാരണമാകരുതെന്ന് കോടതി വ്യക്തമാക്കി.

supremecourt language