/kalakaumudi/media/media_files/2025/10/15/stalin-2025-10-15-15-33-14.jpg)
ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിരോധിക്കാന്‍ ലക്ഷ്യമിട്ട് നിയമസഭയില്‍ സുപ്രധാന ബില്‍ അവതരിപ്പിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. നിയമനിര്‍മ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തര യോഗം ചേര്‍ന്നതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തമിഴ്നാട്ടിലുടനീളമുള്ള ഹിന്ദി ഹോര്‍ഡിങുകള്‍, ബോര്‍ഡുകള്‍, സിനിമകള്‍, പാട്ടുകള്‍ എന്നിവ നിരോധിക്കാന്‍ ലക്ഷ്യമിടുന്നതാണ് ബില്‍ എന്നാണ് വിവരം. അതേസമയം, പുതിയ നിയമം ഭരണഘടനയ്ക്ക് അനുസൃതമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഞങ്ങള്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കലിന് എതിരാണെന്നും മുതിര്‍ന്ന ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ പ്രതികരിച്ചു.
അതേസമയം, വിഡ്ഢിത്തവും അസംബന്ധവുമായ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഭാഷയെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും ബിജെപി നേതാവ് വിനോജ് സെല്‍വം പ്രതികരിച്ചു. ഡിഎംകെ, വിവാദമായ ഫോക്സ്‌കോണ്‍ നിക്ഷേപ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഭാഷാ തര്‍ക്കം ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.