/kalakaumudi/media/media_files/2025/03/28/xzauSaiaO5t7jWir3AoI.jpg)
നവിമുംബൈ:കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൾ ഗീതങ്ങളുടെ പ്രകാശനവുമായി ആദ്യമായി മുംബൈയിലെത്തിയപ്പോഴാണ് തൊട്ടടുത്തു താമസിക്കുന്ന വിശ്രുതയായ ബംഗാളി വിവർത്തക ലീല സർക്കാറിനെ കാണാൻ ചെന്നത്. മലയാളികളായ രണ്ടു പേരും ബംഗാളി ഭാഷയുടെ ചൈതന്യം ബാവുൾ സംഗീതത്തിലൂടേയും സാഹിത്യത്തിലൂടേയും മലനാടിന് പകർന്നു കൊടുക്കുന്നവർ. കാറ്റിന് അധീനപെട്ടവർ എന്നർത്ഥം വരുന്ന "വാതുല " എന്ന വാക്കിൽ നിന്നും രൂപപ്പെട്ട ബംഗാളിലെയും ബംഗ്ലാദേശിലേയും സഞ്ചരിക്കുന്ന നാടോടി ഗായകർ പാടുന്ന ബാവുൾ സംഗീതത്തെ മലയാളിക്കും ആത്മാന്വേഷകർക്കും പകർന്നു കൊടുക്കുന്ന ഇപ്പോൾ ബാംഗ്ളൂരിൽ ജീവിക്കുന്ന ശാന്തി പ്രിയ. ഇപ്പുറത്തു രബീന്ദ്രനാഥ ടാഗോര്‍, ശരച്ചന്ദ്ര ചാറ്റര്‍ജി, മുന്‍ഷി പ്രേംചന്ദ്, വനഫൂല്‍, ബിഭൂതിഭൂഷണ്‍, ബുദ്ധദേവഗുഹ, സത്യജിത് റായ് തുടങ്ങിയവരുടേതുള്‍പ്പെടെ നൂറിലധികം ബംഗാളി നോവലുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്ത വംഗ മലയാളത്തിന്റെ അമ്മ ലീല സർക്കാർ. നവതികഴിഞ്ഞ ലീല സർക്കാർ തന്നെ അലട്ടുന്ന ആരോഗ്യ പ്രശനങ്ങളും കാലു വേദനയും മറന്നു ശാന്തി പ്രിയയെ വീട്ടിലേക്കു സ്വീകരിച്ചാനയിച്ചു. ചിരപരിചിതരെന്ന പോലെ അവർ ബംഗാളി ഭാഷയുടെ ആന്തരിക ശക്തിയെ കുറിച്ചും സാഹിത്യത്തെ കുറിച്ചും സംഗീതത്തെ കുറിച്ചും സംസാരിച്ചു. പിന്നെ തൻ്റെ കയ്യിലുള്ള ഏക്താര മീട്ടി ശാന്തി പ്രിയ ലീല സർക്കാരിന് വേണ്ടി പാടി. "ജോഗൊത്തെ ആനന്ദോജോഗേ അമാർ നിമൊന്ത്രൊണെ......" ഈ ജീവിതാനന്ദോത്സവ ലഹരിയിൽ ക്ഷണിക്കപ്പെട്ടതോടുകൂടി താൻ അത്രമേൽ അനുഗ്രഹീതനാവുന്നുവെന്നും കാഴ്ചകളാൽ കണ്ണും സംഗീതത്താൽ കാതും ധന്യമാവുമ്പോൾ ഈ ഭൂമിയുടെ ഉന്മത്തനൃത്തത്തിൽ താനും ഈ വീണ മീട്ടുകയല്ലാതെ എന്ത് ചെയ്യാൻ എന്നർത്ഥം വരുന്ന രബീന്ദ്ര സംഗീതം ഏക്താരയിൽ തഴുകി ശാന്തി പ്രിയ പാടിയപ്പോൾ വംഗ മലയാളത്തിന്റെ അമ്മ മൗനത്തെ പുൽകി. തൊണ്ണൂറ്റിയൊന്നാം വയസ്സിലും മുടങ്ങാതെ വിവർത്തനം തുടരുന്നു എന്ന് ആവേശത്തോടെ ലീല സർക്കാർ പറഞ്ഞു. സാംസ്‌കാരിക പ്രവർത്തകയായ തൻ്റെ അമ്മായിയമ്മയോട് അവരുടെ മാതൃഭാഷയായ ബംഗാളിയിൽ സംസാരിക്കണം എന്ന തൃശ്ശൂർക്കാരിയുടെ വാശിയാണ് തന്നെ വിവർത്തനത്തിന്റെ ഭൂമികയിൽ എത്തിച്ചതെന്ന് അവർ പറഞ്ഞു. 1969-ല്‍ ദീപേഷ് സര്‍ക്കാറിനെ വിവാഹം കഴിച്ച് ബംഗാളിന്റെ മരുമകളായി കയറിച്ചെന്ന ലീല സർക്കാറിന്റെ ആദ്യ പരിഭാഷ 1978-ല്‍ ജനയുഗത്തിലാണ് പ്രസിദ്ധപ്പെടുത്തയത്. 1994-ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പരിഭാഷയ്ക്കുള്ള അവാര്‍ഡ്, 2000-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 2010-ല്‍ സി.പി. മേനോന്‍ സ്മാരക അവാര്‍ഡ്, 2015-ല്‍ വിവര്‍ത്തകരത്നം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സംസ്കാരിക പ്രവർത്തകനും, ആദിവാസി വിദ്യാർഥികൾക്കായി ‘കനവ്’ എന്ന ബദൽ വിദ്യാഭ്യാസകേന്ദ്രം സ്ഥാപിക്കുകയും ചെയ്ത അന്തരിച്ച കെ. ജെ. ബേബിയുടെ മകളായ ശാന്തി പ്രിയക്കു അമ്മ പറഞ്ഞു കേട്ട കഥകളിൽ നിന്നാണ് ബാവുൾ എന്ന സങ്കല്പം പരിചയമായത്. ബംഗാളിയായ പാർവതി ബാവുളിന്റെ കൂടെ യാത്ര ചെയ്തും ബാവുളിടങ്ങൾ സന്ദർശിച്ചുമാണ് ശാന്തി പ്രിയ വംഗ ഭാഷയുമായി അടുത്തത്. പശ്ചിമ ബംഗാളിലെ ബാവുളുകൾ ഇന്ത്യയിലെ സന്ന്യസ്ഥ പാരമ്പര്യങ്ങളുമായി ചേർന്നു പോകുന്ന വാമൊഴിയിലൂടെ തലമുറകൾക്ക് ഗീതങ്ങൾ പകർന്നു നൽകുന്ന ഭിക്ഷാംദേഹികളെപ്പോലെ ജീവിക്കുന്ന നാടോടി ഗായകരാണ്. മലയാളത്തിൽ ബാവുൾ സംഗീതം പാടുന്നവർ വിരളമാണ്. ലീല സർക്കാരിനെ കണ്ടത് തന്റെ ഭാഗ്യമായി കരുതുന്നു എന്നും ശാന്തി പ്രിയ പറഞ്ഞു. എം ടി വാസുദേവൻ നായരുടെ വാനപ്രസ്ഥത്തിന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകളുടെയും ബംഗാളി വിവർത്തനം സമ്മാനിച്ചാണ് ലീല സർക്കാർ ശാന്തി പ്രിയയെ യാത്രയാക്കിയത്. ഇപ്റ്റ കേരള മുംബൈ ഘടകം മുംബൈയിൽ സംഘടിപ്പിച്ച "നീ പാടുക പ്രിയമെഴുമാ ബാവുൾ ഗീതങ്ങൾ" എന്ന ബാവുൾ സംഗീതവിരുന്ന് നടത്താനാണ് ശാന്തി പ്രിയ നഗരത്തിലെത്തിയത്. പിരിയും മുമ്പ് ശാന്തി പ്രിയ ലീല സർക്കാരിന്റെ ഇഷ്ട ഗാനം ഏക്താര മീട്ടി പാടി. "ജോതി തോർ ഡാക് ഷുനെ കെയു നാ അസെ തോബെ ഏക്‌ല ചോലോ രേ..." നിങ്ങളുടെ വിളിയാരും കേൾക്കുന്നില്ലെങ്കിൽ ഭയക്കാതെ ഒറ്റയ്ക്ക് നടക്കൂ എന്ന് ഉദ്‌ഘോഷിക്കുന്ന ടാഗോറിൻ്റെ വരികൾ ശാന്തി പ്രിയ പാടുമ്പോൾ വരികൾ ഓർത്തോർത്തു ലീല സർക്കാറും കൂടെ പാടുന്നുണ്ടായിരുന്നു.