/kalakaumudi/media/media_files/2025/09/26/leh-2025-09-26-18-16-05.jpg)
ന്യൂഡല്‍ഹി: പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ അരങ്ങേറിയ സംഘര്‍ഷത്തിന് പിന്നാലെ പ്രക്ഷോഭകാരികളുമായി ചര്‍ച്ചയ്ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് ബുധനാഴ്ച നടന്ന ബന്ദില്‍ വ്യാപക ആക്രമണം അരങ്ങേറിയിരുന്നു. പ്രതിഷേധത്തിനിടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ലേയിലെക്ക പ്രത്യേക പ്രതിനിധിയെ അയ്ച്ചിരുന്നു. പ്രതിഷേധം നടത്തുന്നവരുമായി ഇദ്ദേഹം ആശയവിനിമയം നടത്തി. ഇതിനുപിന്നാലെ ലഡാക്കിലെ ലേ, കാര്‍ഗില്‍ ജില്ലകളില്‍ നിന്നുള്ള ആറംഗ പ്രതിനിധി സംഘത്തെ തുടര്‍ചര്‍ച്ചകള്‍ക്കായി ഡല്‍ഹിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശമെന്ന് ലേ അപെക്സ് ബോഡി ചെയര്‍മാന്‍ തുപ്സ്റ്റാന്‍ ചേവാങ് പറഞ്ഞു.
സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ പ്രക്ഷോഭം നടത്തുന്ന സംഘടനകളില്‍ ഒന്നാണ് ലേ അപെക്സ് ബോഡി. നേരത്തെ, ഒക്ടോബര്‍ ആറിന് ചര്‍ച്ചകള്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ വേഗത്തിലാക്കിയത്.
അതേസമയം, ബുധനാഴ്ച ലേയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് ശേഷം നഗരത്തില്‍ ഉടനീളം പോലീസ് നടത്തിയ റെയ്ഡില്‍ 50 ലധികം പേരെ കസ്റ്റഡിയിലെടുത്തു. പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതേസമയം ലഡാക്കിലെ പ്രക്ഷോഭത്തിന് പിന്നാലെ തന്നെ വേട്ടയാടുന്നുവെന്ന് നിരാഹാര സമരം നടത്തിവന്നിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക് പറഞ്ഞു. കുറ്റങ്ങള്‍ എല്ലാം തന്റെ മേല്‍ ചുമത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്ന് ഫണ്ട് ലഭിച്ചിട്ടില്ലെന്നും സിബിഐയുടെയും ഐടി വകുപ്പിന്റെയും നോട്ടീസ് ലഭിച്ചതായും സോനം വാങ്ചുക് വ്യക്തമാക്കി. സോനം വാങ്ചുകിന്റെ സന്നദ്ധ സംഘടനയ്ക്കുള്ള വിദേശ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സോനം വാങ്ചുക്കിന്റെ സ്റ്റുഡന്റ്സ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്ക് എന്ന എന്‍ജിഒയ്ക്കുള്ള വിദേശ ഫണ്ട് തടയുന്നുവെന്നും ഇതിനായുള്ള എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ തനിക്ക് വിദേശ ഫണ്ട് ലഭിക്കാറില്ലെന്നാണ് ഇപ്പോള്‍ സോനം വ്യക്തമാക്കിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
