ഡൽ​ഹി മദ്യനയ അഴിമതിക്കേസ്; കെജ്രിവാളിന് നിർണായകം, ഹർജി വീണ്ടും പരി​ഗണിക്കാൻ ഡൽ​ഹി ഹൈക്കോടതി

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിച്ചുള്ള അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റിമാൻഡ് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ‌കെജ്‌രിവാളിൻ്റെ ഹർജിയിലെ പ്രധാന ആവശ്യം.

author-image
Greeshma Rakesh
New Update
liquor-polict-case

liquor polict case

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഡൽ​ഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഹർജിയാണ് പരിഗണിക്കുക.മാപ്പ് സാക്ഷികളായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്നാണ് കെജ്‌രിവാളിൻ്റെ വാദം.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിച്ചുള്ള അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റിമാൻഡ് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ‌കെജ്‌രിവാളിൻ്റെ ഹർജിയിലെ പ്രധാന ആവശ്യം. അതെസമയം കെജ്രിവാളിന്റെ ഹർജിയെ എതിർത്ത് ഇഡി കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.ജസ്റ്റിസ് സ്വർണ കാന്ത മിശ്ര അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് കേസ് പരിഗണിക്കുക.

കഴിഞ്ഞ മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ‌കേസിലെ പ്രതികളും പിന്നീട് മാപ്പ് സാക്ഷികളായവരുമായ വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അറസ്റ്റ്.ലോക്സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ അറസ്റ്റ് പാർട്ടിയെയും തന്നെയും ദുർബലപ്പെടുത്താൻ ആണെന്നായിരുന്നു കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ കെജ്‌രിവാളിൻ്റെ വാദം. ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഇഡിയുടെ സത്യവാങ്മൂലം. ഒൻപത് തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് നിർബന്ധിതമായതെന്ന് ഇഡി വ്യക്തമാക്കി.

മദ്യനയ അഴിമതിയുടെ ഭാഗമായി സഞ്ജയ് സിംഗിൻ്റെ കയ്യിൽ നിന്ന് ഹവാലപണം കണ്ടെടുക്കാൻ ഇഡിക്ക് കഴിഞ്ഞില്ലെന്ന കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി നിരീക്ഷണം കെജ്‌രിവാളിൻ്റെ കാര്യത്തിലും എഎപിക്കും പ്രതീക്ഷ നൽകുന്നുണ്ട്. അതേസമയം കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ച സഞ്ജയ് സിംഗ് ബുധനാഴ്ച ജയിൽ മോചിതനായി.

Delhi High Court arvind kejriwal enforcement dirctorate liquor polict case