/kalakaumudi/media/media_files/uTE7nuFRvYIGZiPROTvz.jpg)
മദ്യനയ അഴിമതിയിലൂടെ ഡല്‍ഹിയ്ക്ക് 2,026 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി(സിഎജി)ന്റെ കണ്ടെത്തലെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും സിഎജി റിപ്പോര്‍ട്ടില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിനേതിരേ കടുത്ത വിമര്‍ശനങ്ങളുണ്ടെന്നാണു വിവരം. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളെ മുന്‍നിര്‍ത്തി ആംആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.
മദ്യനയവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും വലിയ വീഴ്ചകളുണ്ടായെന്നാണ് സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലെന്നാണ് പുറത്തുവരുന്ന വിവരം. മദ്യനയം നടപ്പാക്കിയതിലെ ക്രമക്കേടുകള്‍ കാരണം സംസ്ഥാനത്തിന് 2,026 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
വരുമാനം വര്‍ധിപ്പിക്കുക, മദ്യവ്യാപാരം ലളിതമാക്കുക എന്നിവയായിരുന്നു 2021 നവംബറില്‍ കൊണ്ടുവന്ന മദ്യനയത്തിന്റെ ലക്ഷ്യം. എന്നാല്‍ അഴിമതിയും സാമ്പത്തികക്രമക്കേടും അതിന് മങ്ങലേല്‍പിച്ചെന്നാണ് റിപ്പോര്‍ട്ടിലെ വമര്‍ശനം. മദ്യനയം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ടു. അന്നത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം, വിദഗ്ധ സമിതിയുടെ പ്രധാന ശുപാര്‍ശകള്‍ അവഗണിക്കുകയാണുണ്ടായതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. എഎപി നേതാക്കള്‍ ഇതില്‍നിന്ന് നേട്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്.
മന്ത്രിസഭയുടെ അംഗീകാരമോ ഗവര്‍ണറുടെ അനുമതിയോ ഇല്ലാതെയാണ് നയം സംബന്ധിച്ച ഗൗരവമേറിയ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നതെന്നും ഇത്തരത്തില്‍ ലൈസന്‍സ് നല്‍കുന്നതിലും പുതുക്കുന്നതിലും ക്രമക്കേടുകള്‍ നടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എഎപിയ്‌ക്കെതിരേ ബിജെപി രംഗത്തെത്തിയിരിക്കുന്നത്. എഎപിയുടെ നയങ്ങള്‍ അത്രനല്ലതായിരുന്നെങ്കില്‍ അവരെന്തിനാണ് ഞെട്ടിയതെന്ന് ബിജെപി നേതാവ് അനുരാഗ് ഠാക്കൂര്‍ ചോദിച്ചു.
അതേസമയം, എഎപി എംപിയായ സഞ്ജയ് സിങ് സിഎജി റിപ്പോര്‍ട്ടിന്റെ ആധികാരികതയെ ചോദ്യംചെയ്ത് രംഗത്തെത്തി. 'എവിടെയാണ് സിഎജി റിപ്പോര്‍ട്ട്? അതിന്റെ പകര്‍പ്പ് കൈവശമുണ്ടോ? ബിജെപിയുടെ ഓഫീസില്‍ വെച്ചാണോ അത് തയ്യാറാക്കിയത് ?- സഞ്ജയ് സിങ് ചോദിച്ചു.