/kalakaumudi/media/media_files/2025/08/12/yes-2025-08-12-12-45-00.jpg)
ന്യൂഡല്‍ഹി: വീട്ടില്‍നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നടപടികള്‍ക്ക് (ഇംപീച്ച്‌മെന്റ്) തുടക്കമായതായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഇതിനായി മൂന്നംഗ സമിതിയെ നിയമിച്ചതായി സ്പീക്കര്‍ ലോക്‌സഭയെ അറിയിച്ചു.
എംപിമാര്‍ നേരത്തെ ഇംപീച്ച്‌മെന്റ് നോട്ടിസ് നല്‍കിയിരുന്നു. വര്‍മയെ പുറത്താക്കണമെന്നായിരുന്നു നോട്ടിസിലെ ആവശ്യം. നോട്ടിസ് അംഗീകരിച്ചാണ് സമിതിയെ നിയോഗിച്ചത്. സുപ്രീംകോടതി ജഡ്ജി സമിതി അധ്യക്ഷനായിരിക്കും. ഹൈക്കോടതി ജഡ്ജിയും നിയമവിദഗ്ധനും സമിതിയിലുണ്ടാകും. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടികള്‍. മൂന്നു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം. അടുത്ത സമ്മേളനം റിപ്പോര്‍ട്ട് പരിഗണിക്കും.
വസതിയില്‍ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തില്‍ സുപ്രീംകോടതി അന്വേഷണ സമിതിയുടെ ശുപാര്‍ശയ്‌ക്കെതിരെ യശ്വന്ത് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. തന്റെ വിശദീകരണം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും അത് തള്ളണമെന്നും വര്‍മ ആവശ്യപ്പെട്ടെങ്കിലും ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ സമിതി ആവശ്യത്തിന് സമയം നല്‍കുകയും അഭിപ്രായം തേടുകയും ചെയ്തതായി കോടതി പറഞ്ഞു. ആ ഘട്ടത്തില്‍ വര്‍മ എതിര്‍പ്പ് അറിയിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോര്‍ റൂമില്‍ വന്‍തോതില്‍ പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി അന്വേഷണ സംഘത്തെ നിയോഗിച്ചത്. യശ്വന്ത് വര്‍മയ്ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നതായിരുന്നു റിപ്പോര്‍ട്ട്. പണം ഔദ്യോഗിക വസതിയില്‍ സൂക്ഷിച്ചതിനു തെളിവുണ്ടെന്നും വര്‍മയോ വര്‍മയുമായി ബന്ധപ്പെട്ടവരോ അറിയാതെ വസതിയില്‍ പണം സൂക്ഷിക്കാന്‍ ആകില്ലെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 64 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. 55 പേരുടെ മൊഴി രേഖപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ഇപ്പോള്‍ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയാണ് വര്‍മ. പണം കണ്ടെത്തിയ സംഭവത്തിനു പിന്നാലെ ചുമതല നല്‍കാതെ അലഹബാദിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് വര്‍മയ്ക്കെതിരേ അന്വേഷണത്തിന് തീരുമാനമെടുത്തത്. യശ്വന്ത് വര്‍മയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ തീ അണയ്ക്കാന്‍ വന്ന അഗ്‌നിരക്ഷാസേനയാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്.