രാജ്യത്ത് എക്സിറ്റ് പോൾ പ്രവചനങ്ങൾ പാളിയ ചരിത്രവുമുണ്ട്..!

എല്ലാ സർവ്വെകളും എൻഡിഎക്ക് ഭരണത്തുടർച്ച തന്നെയാണ് പ്രവചിക്കുന്നത്. ഭൂരിപക്ഷം സർവെകളും വ്യക്തമായ ഭൂരിപക്ഷത്തോടെ തന്നെ നരേന്ദ്ര മോദി അധികാരത്തിൽ തുടരുമെന്നാണ്  പ്രവചിക്കുന്നത്.

author-image
Greeshma Rakesh
Updated On
New Update
loksabha

loksabha election 2024 exit poll

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലങ്ങൾക്കായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.എല്ലായിപ്പോഴും അന്തിമ ഫലം പുറത്തുവരുന്നതിന് മുമ്പ് വരുന്ന എക്‌സിറ്റ് പോളാണ് പാർട്ടികൾക്ക് ആത്മവിശ്വാസവും ആശങ്കയുമാകുന്നത്. ഇപ്പോഴിതാ ഇത്തവണത്തെ എക്‌സിറ്റ് പോൾ പ്രവചനങ്ങളാണ്  മുന്നണികൾക്കിടയിൽ ചർച്ചയാകുന്നത്.

എക്‌സിറ്റ് പോളുകളിൽ ഭൂരിപക്ഷവും മോദി സർക്കാരിന് മൂന്നാം ഊഴമാണ് പ്രവചിക്കുന്നത്.ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇൻഡ്യ സർവേ എൻഡിഎ പരമാവധി 401 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എല്ലാ സർവ്വെകളും എൻഡിഎക്ക് ഭരണത്തുടർച്ച തന്നെയാണ് പ്രവചിക്കുന്നത്. ഭൂരിപക്ഷം സർവെകളും വ്യക്തമായ ഭൂരിപക്ഷത്തോടെ തന്നെ നരേന്ദ്ര മോദി അധികാരത്തിൽ തുടരുമെന്നാണ്  പ്രവചിക്കുന്നത്.

പലപ്പോഴും എക്‌സിറ്റ് പോളുകൾ  അന്തിമ ഫലങ്ങൾക്ക് സമാനമാണെന്ന്  കണക്കാക്കുന്നെങ്കിലും, അവയ്ക്ക് കാര്യമായ മാറ്റമുണ്ടാകുമെന്നാണ് ചരിത്രം ചൂണ്ടികാട്ടുന്നത്.എക്‌സിറ്റ് പോൾ പ്രവചനങ്ങൾ യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് വ്യതിചലിച്ച ശ്രദ്ധേയമായ ചില തെരഞ്ഞെടുപ്പ് ഫലങ്ങളുണ്ട്. 2004ന് സമാനമായത് സംഭവിക്കുമെന്നാണ് ഒരുവിഭാ​ഗം രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. 

1999ൽ അധികാരത്തിലെത്തിയ അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്റെ അധികാരത്തുടർച്ചയായിരുന്നു 2004ൽ രാഷ്ട്രീയവൃത്തങ്ങൾ പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവും കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സൃഷ്ടിക്കപ്പെട്ട ദേശസ്‌നേഹ വൈകാരികതയുമെല്ലാം ബിജെപിക്ക് നേട്ടമാകുമെന്നായിരുന്നു പൊതുവെയുള്ള നീരീക്ഷണം. തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മൂർച്ച കുറച്ച് വികസനരാഷ്ട്രീയം ചർച്ചയാക്കിയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിലേയ്ക്ക് പോയത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ കുതിപ്പും ബിജെപിയുടെ പ്രധാനതിരഞ്ഞെടുപ്പ് വിഷയമായിരുന്നു.

ബിജെപിയുടെ വിജയത്തെ പിന്തുണയ്ക്കുന്നതായിരുന്നു ആ സമയത്ത് പുറത്ത് വന്ന ഭൂരിപക്ഷം അഭിപ്രായ സർവേകളും എക്‌സിറ്റ്‌പോൾ ഫലങ്ങളും. 2002ൽ അഭിപ്രായ സർവേകൾ എൻഡിഎയ്ക്ക് 250 സീറ്റുകൾ വരെയാണ് പ്രവചിച്ചിരുന്നതെങ്കിൽ 2004ൽ തിരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പ് നടന്ന അഭിപ്രായ സർവ്വെകളിൽ 335 സീറ്റുകൾ വരെയാണ് എൻഡിഎയ്ക്ക് പ്രവചിക്കപ്പെട്ടിരുന്നത്.

എക്‌സിറ്റ് പോളും വാജ്‌പെയ് സർക്കാരിന്റെ തുടർഭരണം തന്നെയായിരുന്നു പ്രവചിച്ചത്. എൻഡിടി-എസി നീൽസൺ സർവെ എൻഡിഎയ്ക്ക് 230 മുതൽ 250വരെ സീറ്റുകളാണ് പ്രവചിച്ചത്. യുപിഎ 190 മുതൽ 205 വരെ സീറ്റുകൾ നേടുമെന്നും. മറ്റുള്ളവർ 100 മുതൽ 120 വരെ സീറ്റുകൾ നേടുമെന്നുമായിരുന്നു എൻഡിടി-എസി നീൽസൺ പ്രവചനം. എൻഡിഎ 263 മുതൽ 275 വരെ സീറ്റുകളും യുപിഎ 174 മുതൽ 184 വരെ സീറ്റുകളും മറ്റുള്ളവർക്ക് 86 മുതൽ 98 വരെ സീറ്റുകളും നേടുമെന്നായിരുന്നു സ്റ്റാർ ന്യൂസ്-സീ വോട്ടറിന്റെ പ്രവചനം.

ആജ് തക്-എംഎആർജി സർവെ പ്രകാരം എൻഡിഎ 248 സീറ്റുകളും യുപിഎ 190 സീറ്റുകളും മറ്റുള്ളവർ 105 സീറ്റുകളും നേടുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്. സഹാറ-ഡിആർഎസ് സർവെ എൻഡിഎയ്ക്ക് 278 സീറ്റും യുപിഎയ്ക്ക് 181 സീറ്റും മറ്റുള്ളവർക്ക് 102 സീറ്റുകളുമാണ് പ്രവചിച്ചത്. സീ ന്യൂസ്-തലീം സർവെ പ്രകാരം എൻഡിഎയ്ക്ക് 249 സീറ്റുകളും യുപിഎയ്ക്ക് 176 സീറ്റുകളും മറ്റുള്ളവർക്ക് 117 സീറ്റുകളുമായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ തുടർഭരണത്തിലെത്തുമെന്ന പ്രതീതി സൃഷ്ടിക്കുന്നതായിരുന്നു 2004ൽ പുറത്ത് വന്ന ഭൂരിപക്ഷം എക്‌സിറ്റ് പോൾ ഫലങ്ങളും.

എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ എക്‌സിറ്റ് പോൾ ഫലസൂചനകളെല്ലാം പൂർണ്ണായും തകിടം മറിയുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. കേരളത്തിലും 2004ലെ തിരഞ്ഞെടുപ്പ് ഫലം എക്‌സിറ്റ് പോളുകളെ പാടെ നിരാകരിക്കുന്നതായിരുന്നു. യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലം വാജ്‌പേയിക്കും ബിജെപിക്കും അനുകൂലമായിരുന്നില്ല. തുടർച്ചയായ രണ്ട് ടേം ബിജെപിയെ ഭരണത്തിൽ നിന്നും മാറ്റിനിർത്താൻ സാധിക്കുന്ന അടിത്തറ സൃഷ്ടിക്കാൻ ആ തിരഞ്ഞെടുപ്പ് ഫലത്തിന് സാധിച്ചിരുന്നു.

തുടർഭരണ സാധ്യതകൾ പ്രവചിക്കപ്പെട്ടിരുന്ന എൻഡിഎക്ക് ലഭിച്ചത് 181 സീറ്റുകൾ മാത്രമായിരുന്നു. യുപിഎ 218 സീറ്റുകൾ സ്വന്തമാക്കി. മറ്റുള്ളവർക്ക് ലഭിച്ചത് 143 സീറ്റുകളായിരുന്നു. എന്തായാലും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ യുപിഎയും ഇടതുപക്ഷവും സമാജ്‌വാദി പാർട്ടിയുമെല്ലാം അടങ്ങുന്ന പ്രതിപക്ഷ സഖ്യം സർക്കാർ രൂപീകരിക്കുന്നതിനായി പൊതുമിനിമം പരിപാടി രൂപപ്പെടുത്തുകയും ഒന്നാം യുപിഎ സർക്കാർ രൂപീകരിക്കുകയുമായിരുന്നു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളുകൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ വിജയിക്കുമെന്ന് പ്രവചിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. മിക്ക എക്‌സിറ്റ് പോളുകളും 261 നും 289 നും ഇടയിൽ എൻഡിഎ സീറ്റുകൾ കണക്കാക്കിയെങ്കിലും യഥാർത്ഥ ഫലങ്ങൾ പ്രതീക്ഷിച്ചതിലും കവിഞ്ഞു. എൻഡിഎ 336 സീറ്റുകളാണ് നേടി ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം കടന്നപ്പോൾ കോൺ​ഗ്രസ് 44 സീറ്റിൽ ചരിത്രപരമായ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.ഇത്തരത്തിൽ എക്സിറ്റ് പോളുകൾ മാറിമറിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളുമുണ്ട്.

2017 യുപി നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോളുകൾ നോട്ട് അസാധുവാക്കലിന് ശേഷം ഉത്തർപ്രദേശിൽ തൂക്കു നിയമസഭയാണ് പ്രവചിച്ചിരുന്നത്. ഈ പ്രവചനങ്ങൾക്ക് വിരുദ്ധമായി, ബിജെപി 325 സീറ്റുകൾ നേടി, എക്‌സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്‌തമായി ബിജെപി ഏറ്റവും വലിയ കക്ഷിയായി.2015 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്.

വ്യക്തമായ ഭൂരിപക്ഷമില്ലാതെ കടുത്ത മത്സരമാണ് എക്‌സിറ്റ് പോൾ പ്രവചിച്ചിരുന്നത്. എന്നാൽ യഥാർത്ഥ ഫലം പുറത്തുവന്നപ്പോൾ ആർജെഡി-ജെഡിയു-കോൺഗ്രസ് സഖ്യം വിജയിക്കുകയും ആർജെഡി ഏറ്റവും വലിയ കക്ഷിയായി ഉയരുകയുമായിരുന്നു. എക്‌സിറ്റ് പോളുകൾ വരച്ച സമ്മിശ്ര ചിത്രങ്ങളിൽ നിന്ന് വളരെ അകലെയായിരുന്നു ഈ ഫലം.

 2015ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ, എക്‌സിറ്റ് പോളുകൾ ആം ആദ്മി പാർട്ടിക്ക് (എഎപി) ഭൂരിപക്ഷം പ്രവചിച്ചു. എന്നാൽ ആരും അവരുടെ വിജയത്തിൻ്റെ വ്യാപ്തി മുൻകൂട്ടി കണ്ടില്ല. എഎപി 70ൽ 67 സീറ്റും നേടുകയായിരുന്നു.എക്‌സിറ്റ് പോളുകളുടെ പ്രവചങ്ങൾക്ക് അതീതമാണ് അന്തിമഫലമെന്നാണ് ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നത്.2023 ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ ഗോത്രവർഗ സംസ്ഥാനത്ത് കോൺഗ്രസിന് അനായാസ വിജയമാണ് പ്രവചിച്ചിരുന്നത്.

എന്നാൽ എക്‌സിറ്റ് പോളുകൾക്ക് വിരുദ്ധമായി ഛത്തീസ്ഗഢിൽ ബിജെപി ഭരണം തിരിച്ചുപിടിക്കുകയായിരുന്നു. ബിജെപി 50 സീറ്റുകളാണ് നേടിയത്. ഇന്ന് തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലങ്ങൾക്കായി രാജ്യം കാത്തിരിക്കുമ്പോൾ, പുറത്തുവന്ന എക്‌സിറ്റ് പോളുകൾ യഥാർത്ഥ ഫലങ്ങളിൽ തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് ഈ അനുഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.

 

 

exit poll loksabha election 2024