All alliance partners of the opposition-led INDIA bloc have been invited for the meeting
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ യോഗം വിളിച്ച് പ്രതിപക്ഷ സഖ്യം ഇൻഡ്യ.തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് 4 ദിവസം മുമ്പ് ജൂൺ ഒന്നിന് ദേശീയ തലസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ സഖ്യത്തിലെ മുഴുവൻ പാർട്ടികൾക്കും നേതാക്കൾക്കും ക്ഷണ ലഭിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്നതിനും സഖ്യത്തിൻ്റെ ഭാവി നടപടികൾ ചർച്ച ചെയ്യാനുമാണ് യോഗം വിളിച്ചിരിക്കുന്നത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രിംകോടതി അനുവദിച്ച ജാമ്യ കാലാവധി ജൂൺ രണ്ടിന് തീരും. ലേക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം ലഭിച്ച കെജ്രിവാൾ യോഗത്തിനെത്തുന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച വിലയിരുത്തലിനൊപ്പം പ്രതിപക്ഷ മുന്നണിയുടെ ഭാവി സംബന്ധിച്ച ചർച്ചയും യോഗത്തിൽ മുഖ്യ അജണ്ടയാവും.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ, ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കം മുഴുവൻ നേതാക്കൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്.
അധികാരത്തിലെത്താനാകുമെന്നും മോദി സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകില്ലെന്നുമുള്ള കടുത്ത ആത്മവിശ്വാസത്തിലാണ് ഇൻഡ്യാ സഖ്യം.ജൂലൈ ഒന്നിന് ഏഴാം ഘട്ടം വോട്ടെടുപ്പ് കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പൂർത്തിയാവും.വിജയം തങ്ങൾക്ക് തന്നെയെന്ന് എൻഡിഎയും ഇൻഡ്യ മുന്നണിയും അവകാശപ്പെടുന്നുണ്ട്.
ഇൻഡ്യാ മുന്നണി വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്ന മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, കർണ്ണാടക, ഡൽഹി എന്നിവിടങ്ങളിലെ വോട്ടെടുപ്പ് ഇതിനകം പൂർത്തിയായിട്ടുണ്ട്. ബിഹാറിൽ എട്ട് സീറ്റിൽ മാത്രമാണ് വോട്ടെടുപ്പ് പൂർത്തിയാകാനുള്ളത്. കോൺഗ്രസ് കഴിഞ്ഞ തവണത്തേതിനേക്കാൾ നില മെച്ചപ്പെടുത്തുമെന്ന് വിലയിരുത്തപ്പെടുന്ന മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് പൂർത്തിയായിട്ടുണ്ട്. ഇവിടങ്ങളിലെയെല്ലാം സാഹചര്യം യോഗത്തിൽ വിലയിരുത്തപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
മുന്നണിയല്ലാതെ മത്സരിക്കുന്ന ബംഗാളിൽ ഒമ്പത് സീറ്റിൽ കൂടി തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. സർക്കാരുണ്ടാക്കാൻ മുന്നണിക്ക് പുറത്ത് നിന്നും പിന്തുണ നൽകുമെന്ന് നേരത്തെ മമത വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മമത യോഗത്തിൽ പങ്കെടുക്കുമോയെന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ആകാംക്ഷയോടെയാണ് വ്യക്തമാക്കുന്നത്.ജൂൺ നാലിനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.