വാരാണസിയിൽ നിന്നും മൂന്നാം തവണയും ജനവിധി തേടി മോദി; നാമനിർദേശ പത്രിക സമർപ്പിച്ചു

2014ലാണ് പ്രധാനമന്ത്രി ആദ്യമായി ഇവിടെ നിന്ന് ജനവിധി തേടിയത്. വീണ്ടും വാരാണസിയിൽ നിന്ന് മത്സരിക്കാനൊരുങ്ങുന്ന വേളയിൽ താൻ വളരെയധികം വികാരഭരിതനാകുന്നുണ്ടെന്നാണ് പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്

author-image
Greeshma Rakesh
Updated On
New Update
pm

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിക്കുന്നു

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ മൂന്നാം തവണയും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു.ഗംഗാ നദിയിൽ പ്രാർഥന നടത്തിയ പ്രധാനമന്ത്രി അസ്സി ഘട്ട് സന്ദർശിച്ചാണ് തൻ്റെ ദിവസം ആരംഭിച്ചത്.തുടർന്ന്  കാലഭൈരവ ക്ഷേത്രച്ചിലും ദർശനം നടത്തിയ ശേഷമാണ് വാരാണസി ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ചന്ദ്രബാബു നായിഡു, ജിതൻ റാം മാഞ്ചി, ഓംപ്രകാശ് രാജ്ഭർ, സഞ്ജയ് നിഷാദ്, എൻഡിഎ സഖ്യത്തിലെ രാംദാസ് അത്‌വാലെ എന്നിവരും വാരാണസിയിലെ കളക്‌ട്രേറ്റിലെത്തിയിരുന്നു. പത്രികാ സമർപ്പണത്തിന് മുന്നോടിയായി വാരാണസിയിൽ ഇന്നലെ പ്രധാനമന്ത്രി റോഡ്‌ഷോ നടത്തിയിരുന്നു. വീണ്ടും അധികാരത്തിൽ എത്തിയാൽ വാരാണസിയുടെ വികസനത്തിനായി ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

2014ലാണ് പ്രധാനമന്ത്രി ആദ്യമായി ഇവിടെ നിന്ന് ജനവിധി തേടിയത്. വീണ്ടും വാരാണസിയിൽ നിന്ന് മത്സരിക്കാനൊരുങ്ങുന്ന വേളയിൽ താൻ വളരെയധികം വികാരഭരിതനാകുന്നുണ്ടെന്നാണ് പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ”വാരാണസിയിലെ ജനങ്ങളുടെ കരുതലിന് കീഴിൽ കഴിഞ്ഞ 10 വർഷം ഇത്രവേഗം കടന്നുപോയി എന്ന് പോലും മനസിലാക്കാനായില്ല. മാ ഗംഗ എന്നെ വിളിക്കുന്നുവെന്ന് മുൻപൊരു ഘട്ടത്തിൽ പറഞ്ഞിരുന്നു. എന്നാലിന്ന് മാ ഗംഗ തന്നെ ദത്തെടുത്തുവെന്നും” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ബാബ വിശ്വനാഥന്റെ അനുഗ്രഹത്തോടെ, അദ്ദേഹത്തിന്റെ കാശിയെ സേവിക്കുന്നതിനായി താൻ സ്വയം സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടമായ ജൂൺ ഒന്നിനാണ് വാരാണസിയിൽ വോട്ടെടുപ്പ്‌ നടക്കുന്നത്. കോൺഗ്രസിന്റെ അജയ് റായ് ആണ് പ്രധാനമന്ത്രിയുടെ എതിരാളിയായി മത്സരിക്കുന്നത്. മൂന്നാം വട്ടമാണ് അജയ് റായ് പ്രധാനമന്ത്രിക്കെതിരെ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്. 2014ൽ ആം ആദ്മി പാർട്ടി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും വാരാണസിയിൽ നിന്ന് നരേന്ദ്രമോദിക്കെതിരായി മത്സരിച്ചിരുന്നു. അന്ന് മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മോദി  വിജയിച്ചത്.

 

Varanasi BJP PM Narendra Modi loksabha election 2024