ന്യൂഡൽഹി: അവസാനഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ, 26.30 ശതമാനമാണ് പോളിങ്. മറ്റ്ഘട്ടങ്ങളെ പോലെ ഇത്തവണയും​ പോളിങ് മന്ദഗതിയിലാണ് നീങ്ങുന്നത്. ഏഴാംഘട്ടത്തിൽ ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 57പാർലമെന്റ് മണ്ഡലങ്ങളി​ലാണ് വോട്ടെടുപ്പ് നടക്കുന്നത്.
904 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഹിമാചൽ പ്രദേശിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്-31.92 ശതമാനം. ഏറ്റവും കുറവ് ഒഡിഷയിലും-22.64 ശതമാനം. ചണ്ഡീഗഢ്, ഝാർഖണ്ഡ്, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
10.06 കോടി വോട്ടർമാരാണ് ജനവിധി നിർണയിക്കുന്നത്. അതിൽ 5.24 കോടി പുരുഷൻമാരും 4.82 സ്ത്രീ വോട്ടർമാരുമാണ്. യു.പിയിലെ വാരണാസിയിലാണ് ​പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിധി തേടുന്നത്. കോൺഗ്രസിന്റെ അജയ് റായ് ആണ് എതിരാളി. വോട്ടെടുപ്പ് അവസാനിക്കുന്ന മുറക്ക് എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവരും.