loksabha elections 2024 results tomorrow vote counting to begin from 8 am
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും.ആദ്യം പോസ്റ്റൽ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളുമാകും എണ്ണിതീർക്കുക.ഇതോടെ ആദ്യ മണിക്കൂറുകളിൽ തന്നെ ട്രെൻഡ് വ്യക്തമാകും.
വോട്ടെണ്ണൽ ദിനത്തിലെ ക്രമീകരണങ്ങൾ വിശദമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വോട്ടെണ്ണലിൽ സുതാര്യത ആവശ്യപ്പെട്ട് ഇന്ത്യ സഖ്യവും, ഇന്ത്യ സഖ്യത്തിനെതിരെ ബിജെപിയും നൽകിയ പരാതികളിൽ കമ്മീഷൻ ഇന്ന് പ്രതികരിച്ചേക്കും.
അതേസമയം, രാജ്യത്ത് വീണ്ടും മോദി തരംഗമെന്നാണ് കഴിഞ്ഞ ദിവസം എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നത്. എൻഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നും, ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും ഭൂരിപക്ഷം സർവേകളും പ്രവചിക്കുന്നു.
ഇന്ത്യ സഖ്യം ഇരുനൂറ് കടക്കില്ലെന്നും പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടിയേക്കുമെന്ന് കോൺഗ്രസിന് ആശ്വസിക്കാമെന്നും സർവേകൾ പ്രവചിക്കുന്നു. തെക്കേ ഇന്ത്യയിലും മികച്ച സാന്നിധ്യമായി ബിജെപി മാറാമെന്നും സർവേകൾ പ്രവചിക്കുന്നു.