/kalakaumudi/media/media_files/2025/03/05/QVKlPlQyhPAY9Qex1NVq.webp)
മുംബൈ: രാജ്യത്തെ സംഗീതത്തിന്റെ ആവേശത്തില്‍ ആരാടിക്കാന്‍ മുംബൈയില്‍ 'ലൊല്ലപ്പലൂസ' എത്തുന്നു. മാര്‍ച്ച് 8, 9 തീയതികളില്‍ മുംബൈ മഹാലക്ഷ്മി റേസ് കോഴ്‌സ് മൈതാനത്തിലാണ് സംഗീതോത്സവം. ലോക ടൂറിങ് സംഗീതോത്സവത്തിന്റെ ഇന്ത്യയിലെ മൂന്നാം പതിപ്പാണിത്. വേദിയില്‍ ഹരമേകാന്‍ ഇന്ത്യയില്‍ നിന്ന് ഹനുമാന്‍ കൈന്‍ഡ്, അലോക്, സിദ് വാഷി, സാഹില്‍ വസുദേവ, രാജ്യാന്തര ബാന്‍ഡുകളായ ഗ്രീന്‍ ഡേ, ഷോണ്‍ മെന്‍ഡസ്, ഗ്ലാസ് അനിമല്‍സ്, കോറി വോങ്, ലൂയി ടോമ്ലിന്‍സണ്‍, ജോണ്‍ സമ്മിറ്റ്, അറോറ, നതിങ് ബട്ട് തീവ്സ്, ഇസബെല്‍ ലറോസ എന്നിവര്‍ക്കൊപ്പം കൊറിയന്‍ പോപ് ബാന്‍ഡ് വേവ് ടു എര്‍ത് എന്നിവര്‍ ലൊല്ലപ്പലൂസയുടെ ഭാഗമാകും.
അഞ്ചു തവണ ഗ്രാമി ജേതാക്കളായ അമേരിക്കന്‍ റോക്ക് ബാന്‍ഡ് ഗ്രീന്‍ ഡേയുടെയും കനേഡിയന്‍ പോപ് താരം ഷോണ്‍ മെന്‍ഡസിന്റെയും ഇന്ത്യയിലെ അരങ്ങേറ്റ വേദി കൂടിയാണിത്. രണ്ടുദിവസം 20 മണിക്കൂറുകളിലായി മുപ്പതിലേറെ ലോക കലാകാരന്മാരുടെ പ്രകടനത്തിനൊപ്പം ചുവടുവയ്ക്കാന്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സംഗീതപ്രേമികളും സംഗീതോത്സവത്തിന് എത്തും.
കലാകാരന്മാരുടെ ലിസ്റ്റ് പുറത്തുവിടും മുന്‍പേ പ്രീ ബുക്കിങ് ആരംഭിക്കുന്ന ലൊല്ലപ്പലൂസയുടെ മൂന്നാംപതിപ്പിന്റെ ബുക്കിങ് 2024 സെപ്റ്റംബറില്‍ തുടങ്ങിയിരുന്നു. ജനറല്‍ ടിക്കറ്റിനു പുറമേ ലൊല്ല കംഫര്‍ട്ട്, വിഐപി, നെക്‌സ ലോഞ്ച് വിഭാഗങ്ങളിലാണ് പ്രവേശനം. ആദ്യഘട്ടം സോള്‍ഡ് ഔട്ട് ആയതിനാല്‍ രണ്ടു ദിവസത്തെ സംഗീതലഹരി ആസ്വദിക്കാന്‍ ജനറല്‍ വിഭാഗത്തില്‍ 9,999 രൂപയും ഏറ്റവും ഉയര്‍ന്ന വിഭാഗമായ നെക്‌സ ലോഞ്ചിന് 49,999 രൂപയുമാണ് ടിക്കറ്റ് നിരക്ക്. റോക്ക്, ഹിപ് ഹോപ്, ഇന്‍ഡി പോപ്, ഇലക്ട്രോണിക് എന്നിങ്ങനെ ലൈവ് സംഗീതവും വ്യത്യസ്ത രുചിയനുഭവങ്ങള്‍ പകരുന്ന ഫുഡ് സ്റ്റാളുകളും ആര്‍ട് ഇന്‍സ്റ്റലേഷന്‍, ഫാഷന്‍ തുടങ്ങി എന്റര്‍ടെയ്ന്‍മെന്റ് അനുഭവങ്ങളും ഒരുക്കിയാണ് ലൊല്ലയെത്തുന്നത്.