/kalakaumudi/media/media_files/2025/10/01/cylender-2025-10-01-09-04-28.jpg)
ന്യൂഡല്‍ഹി: നവരാത്രി ആഘോഷങ്ങള്‍ക്കിടെ എല്‍പിജി സിലിണ്ടറിന് വില കൂട്ടി പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് (19 കിലോഗ്രാം) 15-15.5 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ വില 1,602.5 രൂപയായി. തിരുവനന്തപുരത്ത് 1,623.5 രൂപ. കോഴിക്കോട്ട് 1,634.5 രൂപ. കഴിഞ്ഞ 6 മാസങ്ങളില്‍ തുടര്‍ച്ചയായി വില കുറച്ചശേഷമാണ് ഇന്നു പ്രാബല്യത്തില്‍ വന്നവിധം വില വര്‍ധിപ്പിച്ചത്.
വാണിജ്യ സിലിണ്ടറിന് ഏപ്രിലില്‍ 43 രൂപ, മേയില്‍ 15 രൂപ, ജൂണില്‍ 25 രൂപ, ജൂലൈയില്‍ 57.5 രൂപ, ഓഗസ്റ്റില്‍ 34.5, സെപ്റ്റംബറില്‍ 51.5 രൂപ എന്നിങ്ങനെ കുറച്ചിരുന്നു. രാജ്യാന്തര ക്രൂഡ് ഓയില്‍ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. അതേസമയം, വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വിലയില്‍ ഇക്കുറിയും മാറ്റംവരുത്തിയില്ല. വില കൊച്ചിയില്‍ 860 രൂപ. കോഴിക്കോട്ട് 861.5 രൂപ; തിരുവനന്തപുരത്ത് 862 രൂപ.
ഗാര്‍ഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില പരിഷ്‌കരിച്ചത് 2024 മാര്‍ച്ച് എട്ടിനായിരുന്നു. വനിതാദിനത്തില്‍ വീട്ടമ്മമാര്‍ക്കുള്ള സമ്മാനമെന്നോണം 100 രൂപ കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്നു പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു പ്രഖ്യാപനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
