കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് ലഫ്.ഗവര്‍ണര്‍

നിരോധിത സിഖ് സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്.

author-image
anumol ps
New Update
suuu

അരവിന്ദ് കെജ്രിവാള്‍, വി.കെ. സക്സേന

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന. നിരോധിത സിഖ് സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്. ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനിന്റെ സംഘടനയില്‍നിന്ന് 134 കോടി രൂപ കൈപ്പറ്റിയെന്ന് ആരോപിച്ച് വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ ദേശീയ ജനറല്‍ സെക്രട്ടറി അഷൂ മൊംഗിയ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിക്കൊണ്ടുള്ള കത്തിലാണ് എന്‍.ഐ.എ. അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുള്ളത്.

2014 മുതല്‍ 2022 വരെയുള്ള കാലത്ത് വിദേശത്തുള്ള ഖലിസ്താന്‍ സംഘടനകളില്‍നിന്ന് ആം ആദ്മി പാര്‍ട്ടി പണം സ്വീകരിച്ചുവെന്ന് ആരോപിച്ച് സിഖ്സ് ഫോര്‍ ജസ്റ്റിസ് തലവന്‍ പന്നൂന്‍ വീഡിയോസന്ദേശം പുറത്തുവിട്ടിരുന്നു. ഇതടക്കം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കുള്ള പരാതിക്കൊപ്പം ചേര്‍ത്തിരുന്നു. 1993-ലെ ഡല്‍ഹി ബോംബ് സ്ഫോടനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന ഖലിസ്താന്‍ ഭീകരവാദി ദേവീന്ദര്‍പാര്‍ സിങ് ഭുള്ളറെ മോചിപ്പിക്കാമെന്ന് കെജ്രിവാള്‍ ഉറപ്പുകൊടുത്തെന്നും പന്നൂന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

മുന്‍ എ.എ.പി. പ്രവര്‍ത്തകനായ ഡോ. മുനിഷ് കുമാര്‍ സിങ് റെയ്സാദയുടെ എക്സ് പോസ്റ്റും പാരാതിക്കൊപ്പമുണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍വെച്ച് കെജ്രിവാളും സിഖ് നേതാക്കളും ചര്‍ച്ച നടത്തിയെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളുള്ള പോസ്റ്റാണിത്. ഭുള്ളറിന്റെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെട്ടുവെന്ന് കാണിച്ച്, ജന്തര്‍മന്തറില്‍ സമരമിരുന്ന ഇക്ബാല്‍ സിങ്ങിന് കെജ്രിവാള്‍ നല്‍കിയെന്ന് അവകാശപ്പെടുന്ന കത്തും ഇതിനൊപ്പമുണ്ടായിരുന്നു. ഇതടക്കം ലഫ്റ്റനന്റ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയ സെക്രട്ടറിക്ക് കൈമാറി.

പരാതിയുടെ ഭാഗമായി കൈമാറിയ ഇലക്ട്രോണിക് തെളിവുകളില്‍ ഫൊറന്‍സിക് പരിശോധനയടക്കം വി.കെ. സക്സേന ആവശ്യപ്പെട്ടു. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ആഭ്യന്തരമന്ത്രാലയം എന്‍.ഐ.എ. അന്വേഷണത്തിന് റഫര്‍ ചെയ്യണമെന്നാണ് കത്തിലെ ആവശ്യം. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയ്ക്കുവേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കത്ത് നല്‍കിയത്. 

aravind kejriwal nia investigation