/kalakaumudi/media/media_files/2025/04/16/BWsbSQhLv7KsxeoHPCTi.jpg)
മുംബൈ:ഏപ്രിൽ 11 ന് വൈകുന്നേരം നേത്രാവതി എക്സ്പ്രെസ്സിലാണ് എൽ ടി ടി യിൽ പാലക്കാട് സ്വദേശിയായ ഫാഹിമും(22) ചെങ്ങന്നൂർ സ്വദേശിയായ ഹാഷിമും(31) എത്തിച്ചേർന്നത്.ട്രെയിൻ ഇറങ്ങി പുറത്തേക്ക് നടന്നു പോകവേയാണ് ടാക്സി ഡ്രൈവറാണെന്ന് സ്വയം പരിചയപെടുത്തി ഒരാൾ സമീപിക്കുന്നതും അന്ധേരിയിൽ താമസിക്കുന്ന ഹോട്ടലിൽ എത്തിക്കാമെന്ന് വാക്ക് നൽകുകയും ചെയ്തത്.രണ്ടുപേരെയും ഒരു ഓട്ടോറിക്ഷയിൽ കയറ്റുകയും ഒന്നര കിലോമീറ്റർ പിന്നിട്ടപ്പോൾ ടാക്സിയിൽ പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.തുടർന്ന് ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ ഓട്ടോറിക്ഷയിൽ നിന്നിറക്കി നിർത്തിയിട്ടിരുന്ന ഒരു ടാക്സിയിൽ ഇരുവരെയും കയറ്റുകയും ടാക്സി കുറച്ച് ദൂരം പിന്നിട്ടപ്പോൾ മറ്റൊരു വ്യക്തി കൂടി കയറി ഇരുന്നതായും യുവാക്കൾ പറഞ്ഞു. എന്നാൽ ഏകദേശം ഒരു കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും മീറ്റർ ചാർജ് 900 രൂപയ്ക്ക് മുകളിൽ ആയതിനെ തുടർന്ന് സംശയം തോന്നുകയും ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപെടുകയുമായിരുന്നു.ഇതിന് മുമ്പ് രണ്ടു മലയാളി യുവാക്കളുടെയും മൊബൈൽ ഫോണുകൾ ടാക്സി ഡ്രൈവറും സുഹൃത്തും കൈക്കലാക്കുകയും തുടർന്ന് മർദ്ധിച്ചതായും പറഞ്ഞു.കുറെ ദൂരം പിന്നിട്ട ശേഷം കാർ നിർത്തി രണ്ടു പേരുടെയും കൂടി ബാഗിലുണ്ടായിരുന്ന ആകെ തുകയായ 4500 ഓളം രൂപ തട്ടിപ്പറിച്ചെടുത്തതായി യുവാക്കൾ ആരോപിച്ചു.പിന്നീട് ഇരുവരെയും ഒരു ഓട്ടോറിക്ഷയിൽ കയറ്റി അന്ധേരിയിലേക്ക് പറഞ്ഞു വിട്ടു.ഇതിന് മുമ്പ് വിവരം പുറത്ത് പറഞ്ഞാൽ നിങ്ങൾക്ക് പലവിധ ഭവിഷത്തുകൾ നേരിടേണ്ടി വരുമെന്ന ഭീഷണിയും ഡ്രൈവറും സുഹൃത്തും മുഴക്കിയിരുന്നു.എന്നാൽ സംഭവം ഉടൻ തന്നെ മിരാറോഡ് നിവാസിയും കോൺഗ്രസ് ഭാരവാഹിയുമായ ഫാറൂഖ് ആലത്തൂരിനെ അറിയിച്ചു.ഉടൻ തന്നെ ഫാറൂഖ് അധികൃതരുമായി ബന്ധപെടുകയും ടാക്സി നമ്പർ MH03 CP 2293 ആണെന്ന് തിരിച്ചറിയുകയും ചെയ്തു.ശേഷം ഡ്രൈവറുടെ മൊബൈൽ നമ്പർ കൈകലാക്കി ഫോണിൽ ബന്ധപ്പെട്ട് വിഷയം അവതരിപ്പിച്ചപ്പോൾ ഡ്രൈവർ ഗൂഗിൾ പേ വഴി പൈസ തിരിച്ചു ലഭിക്കുകയായിരുന്നു. "ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ തീർച്ചയായും തട്ടിപ്പിന് ഇരയായവർ രേഖാമൂലം പരാതി പെടണം. എന്തുകൊണ്ടോ ഭൂരിഭാഗം പേരും അത് ചെയ്യുന്നില്ല.പരാതി പെടാതെ പോകുമ്പോഴാണ് ഇത്തരം കൊള്ള സംഭവങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രചോദനം ലഭിക്കുന്നത്. ഓൺലൈൻ വഴി ഒക്കെ നമുക്ക് ഇന്നത്തെ കാലത്ത് പരാതി പെടാൻ കഴിയും. അത് കൊണ്ട് തന്നെ ഒരു കാരണ വശാലും പരാതി പെടാതെ ഇരിക്കരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത്". ഫാറൂഖ് ആലത്തൂർ പറഞ്ഞു. എന്നാൽ എൽ ടി ടി യിലെ ഓട്ടോറിക്ഷ ടാക്സിക്കാരുടെ തട്ടിപ്പിന് തടയിടാൻ മലയാളി സംഘടനകൾ ഒത്തുകൂടണമെന്നാണ് ആത്മ (ആൾ താനെ മലയാളീ അസോസിയേഷൻ) പ്രസിഡന്റ് ശശികുമാർ നായർ പ്രതികരിച്ചത്. "പലപ്പോഴും നാട്ടിൽ നിന്ന് ആദ്യമായിട്ട് ഒറ്റയ്ക്ക് വരുന്നവരെയാണ് ഇത്തരക്കാർ ഉന്നം വെക്കുന്നത്.പ്രത്യേകിച്ച് ഹിന്ദി ഭാഷ അറിയാത്തവരെ. പ്ലാറ്റ്ഫോമിൽ വെച്ച് തന്നെ ഈ ഡ്രൈവർമാർ യാത്രക്കാരെ വലയിലാക്കും.ആദ്യം ടാക്സിയിലും ഓട്ടോയിലും ഒരു ഡ്രൈവർ മാത്രം കാണും ഒരു 200 മീറ്ററിന് ശേഷം വണ്ടി നിർത്തി ഒരാളെ കൂടെ കയറ്റും പിന്നെ വഴിമാറി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യാത്രക്കാരനെ ഉപദ്രവിക്കുകയും കൈയിലുള്ള വിലപിടിപ്പുള്ള സാധനങ്ങൾ തട്ടിപ്പറിക്കുകയും ചെയ്യും.ഇതിനെ തടയിടാൻ ശക്തമായി മലയാളി സംഘടനകൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണം റെയിൽവേയ്ക്ക് പരാതി നൽകണം ലോക്കൽ പോലീസിന് പരാതി നൽകണം". ശശികുമാർ നായർ പറഞ്ഞു. ലോകമാന്യ തിലക് ടെർമിനസിൽ യാത്രക്കാർ പലവിധ തട്ടിപ്പിനാണ് ഇരയാകാറുള്ളത്. ഇതിന് കാലങ്ങളോളം പഴക്കവുമുണ്ട്. ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയാണ് യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നത് അടക്കം പലവിധ തട്ടിപ്പുകൾ നടത്തുന്നത്.വളരെകാലമായി യാത്രക്കാരെ അലട്ടുന്ന പ്രശ്ങ്ങളാണിത്.എന്നാൽ ഇത്തരം സംഭവങ്ങൾക്കപ്പുറത്തേക്ക് ഇത് വ്യാപിക്കുന്നുവെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഏപ്രിൽ 11 ന് മുംബൈ വഴി ഗൾഫിൽ പോകാനായി വന്ന രണ്ടു യുവാക്കളാണ് തട്ടിപ്പിന് ഇരയായത്. എന്നാൽ രാഷ്ട്രീയ പ്രവർത്തകൻ ഫാറൂഖ് ആലത്തൂരിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് ഇവിടെ നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചത്.