/kalakaumudi/media/media_files/2025/09/07/blood-2025-09-07-11-04-03.jpg)
തിരുവനന്തപുരം: ആകാശവിസ്മയമായ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് രാജ്യത്ത് ദൂരദര്‍ശിനിയില്ലാതെ നേരിട്ടുകാണാനാകും. സൂര്യന്‍, ഭൂമി, ചന്ദ്രന്‍ എന്നിവ നേര്‍രേഖയില്‍ വരുന്ന പ്രതിഭാസം ഇന്ത്യയില്‍ എല്ലായിടത്തും ഇന്ന് ദൃശ്യമാകും. ഇന്ന് രാത്രി ഏകദേശം 9.57ന് ആരംഭിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം 11ന് പൂര്‍ണഗ്രഹണമാകും. 1.25ന് ഗ്രഹണം പൂര്‍ണമായി അവസാനിക്കും.
ഈ സമയത്ത് ചന്ദ്രന്‍ ചുവപ്പോ ഓറഞ്ചോ നിറത്തിലാകും ദൃശ്യമാവുക. സൂര്യനില്‍നിന്നുള്ള പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോള്‍ ഭൂമിയിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ നിറങ്ങള്‍ മായുകയും തരംഗദൈര്‍ഘ്യം കൂടുതലുള്ള ഓറഞ്ച്, ചുവപ്പ് നിറങ്ങള്‍ ചന്ദ്രനില്‍ പതിക്കുകയും ചെയ്യുന്നതാണ് കാരണം. 2028 ഡിസംബര്‍ 31നാണ് ഇനി ഇന്ത്യയില്‍ പൂര്‍ണചന്ദ്രഗ്രഹണം കാണാനാകുക.
എന്താണ് ബ്ലഡ് മൂണ്‍?
പൂര്‍ണചന്ദ്രഗ്രഹണ സമയത്തുമാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണ് ബ്ലഡ് മൂണ്‍. സൂര്യനില്‍നിന്നുവരുന്ന പ്രകാശത്തെ മറച്ച് ചന്ദ്രനില്‍ നിഴല്‍ വീഴ്ത്തുന്നതാണല്ലോ ചന്ദ്രഗ്രഹണം. എന്നാല്‍ ഭൂമിയില്‍ തട്ടാതെ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന തരംഗദൈര്‍ഘ്യം കൂടിയ ചുവപ്പ് കിരണങ്ങള്‍ അന്തരീക്ഷത്തില്‍ വച്ച് അപവര്‍ത്തനത്തിന് വിധേയമാവുകയും അവ വളഞ്ഞ് ചന്ദ്രനില്‍ പതിക്കുകയും ചെയ്യും. അപ്പോള്‍ നിഴലില്‍ നില്‍ക്കുന്ന ചന്ദ്രന്‍ ചുവപ്പുനിറത്തിലോ ചെമ്പ് നിറത്തിലോ കാണപ്പെടും. ഇതാണ് ബ്ലഡ് മൂണ്‍.