Madhya Pradesh: Police Officer Run Over By Tractor Used For Illegal Sand Mining
മണല്‍ മാഫിയ സംഘം പൊലിസ് ഉദ്യോഗസ്ഥനെ മണല്‍ക്കടത്തിന് ഉപയോഗിക്കുന്ന ട്രാക്ടര്‍ കയറ്റിക്കൊന്നു. മധ്യപ്രേദശിലെ ഷെഹ്‌ദോളിലാണ് സംഭവം. എ.എസ്.ഐ മഹേന്ദ്ര ബാഗ്രിയാണു കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണു സംഭവം. സംഭവത്തില്‍ ഡ്രൈവറെയും ട്രക്ക് ഉടമയുടെ മകന്‍ അശുതോഷ് സിങ്ങിനെയും പൊലിസ് പിടികൂടിയിട്ടുണ്ട്. ട്രാക്ടര്‍ ഉടമ ഒളിവിലാണ്. അനധികൃത ഖനനത്തെക്കുറിച്ചു പൊലിസിന് ലഭിച്ച വിവരം അന്വേഷിക്കാന്‍ എത്തിയതായിരുന്നു മഹേന്ദ്ര ബാഗ്രിയും രണ്ട് കോണ്‍സ്റ്റബിള്‍മാരും. മണലുമായി വേഗത്തില്‍ വന്ന ട്രാക്ടര്‍ തടയാന്‍ പൊലിസുകാര്‍ ശ്രമിച്ചു. എന്നാല്‍ കൈകാണിച്ച് നിര്‍ത്താതിരുന്ന ട്രാക്ടര്‍ മഹേന്ദ്ര ബാഗ്രിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ മഹേന്ദ്ര ബാഗ്രി മരിച്ചു. ഒപ്പമുണ്ടായിരുന്ന പ്രസാദ് കനോജി, സഞ്ജയ് ദുബേ എന്നീ കോണ്‍സ്റ്റബിള്‍മാര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രണ്ടു പേരെ അറസ്റ്റ് ചെയ്തതായും ട്രാക്ടര്‍ ഉടമ ഒളിവിലാണെന്നും എഡിജിപി ഡി.സി.സാഗര്‍ പറഞ്ഞു. ട്രക്ക് ഉടമ സുരേന്ദ്ര സിങ്ങിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു 30,000 രൂപ പ്രതിഫലവും പൊലിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുമെന്ന് ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.