/kalakaumudi/media/media_files/eAzM0U4mTBCpMdHidxlK.jpeg)
തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണം സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി. ചെന്നൈയിലെ അഭിഭഷകനായ എം സത്യകുമാർ നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാരിനോട് മദ്രാസ് ഹൈക്കോടതി വിശദീകരണം തേടിയത്. ഒരാഴ്ചയ്ക്കുള്ളിൽ വിഷയത്തിൽ വിശദീകരണം നൽകാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
ഭരണഘടനാ പദവിയിൽ ഉള്ളവരുടെ വസ്ത്രധാരണം സംബന്ധിച്ച് സർക്കാർ ചട്ടം ഉണ്ടോയെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം. ടി ഷർട്ട് ഔദ്യോഗിക വസ്ത്രമാണോ എന്നും കോടതി ചോദിച്ചു. ഉദയനിധി സ്റ്റാലിൻ ഔദ്യോഗിക പരിപാടിക്ക് ഡിഎംകെ പതാകയുള്ള ടിഷർട്ടും ജീൻസും ധരിക്കുന്നുവെന്നാണ് എം സത്യകുമാർ നൽകിയ ഹർജി.
തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുടെ ചെരുപ്പിനെ കുറിച്ചും ഹർജിയിൽ പ്രതിപാദിക്കുന്നുണ്ട്. ഹർജിയിലെ വാദം അനുസരിച്ച് ജനപ്രതിനിധികളുടെ വസ്ത്രം സംബന്ധിച്ചുള്ള നിയമത്തിന്റെ ലംഘനം ആണിതെന്നാണ്. സ്വന്തം പാർട്ടിയുടെ ചിഹ്നം ബ്രാൻഡ് ചെയ്തുകൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാരാകാൻ സാധ്യതയുള്ള പൊതുജനങ്ങളെ ഉദയനിധി പരോക്ഷമായി സ്വാധീനിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.