നൂറ്റാണ്ട് സാക്ഷി; മഹാകുംഭമേളക്കൊരുങ്ങി ത്രിവേണി സംഗമം; ഭക്തജനപ്രവാഹം

12 വര്‍ഷങ്ങളിലെ ഇടവേളകളില്‍ നടത്തുന്ന 12 പൂര്‍ണകുംഭമേളകള്‍ക്കു ശേഷമാണ് മഹാകുംഭമേള നടത്തുന്നത്

author-image
Rajesh T L
Updated On
New Update
Maha Kumbh Mela 2025

ന്യൂഡല്‍ഹി: മഹാകുംഭമേളയ്‌ക്കൊരുങ്ങി ത്രിവേണി സംഗമം. ഒന്നര നൂറ്റാണ്ടിനിടെ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വതയ്ക്ക് സാക്ഷിയാകാന്‍ വിദേശികള്‍ ഉള്‍പ്പെടെ എത്തിച്ചേരുന്നു. 45 ദിവസം നീണ്ടു നില്‍ക്കുന്ന മേളക്ക് മുന്നോടിയായി ഞായറാഴ്ച നടന്ന സ്‌നാനത്തില്‍ 25 ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. മേളയില്‍ 35 കോടിയിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

144 വര്‍ഷത്തിലൊരിക്കലാണ് മഹാകുംഭമേള അരങ്ങേറുന്നത്. മേളയുടെ ഒരുക്കങ്ങള്‍ക്കായി 7000 കോടി രൂപയാണ് ചെലവഴിക്കുന്നത്. 4000 ഹെക്ടറിലാണ് മഹാകുംഭമേള നഗരി ഒരുക്കിയിരിക്കുന്നത്. ശുചിത്വത്തിനൊപ്പം സുരക്ഷയ്ക്കും മുന്‍തൂക്കം  നല്‍കിയാണ് ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാനും സുരക്ഷയ്ക്കുമായി മൂവായിരം കാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

പ്രയാഗ് രാജില്‍ 12 കിലോമീറ്റര്‍ നീളത്തില്‍ സ്‌നാന ഘാട്ടുകള്‍ തയാറാക്കിയിട്ടുണ്ട്. 14-ന് മകര സംക്രാന്തി ദിനത്തിലും 29-ന് മൗനി അമാവാസ്യ ദിനത്തിലും ഫെബ്രുവരി 3-ന് വസന്ത പഞ്ചമി ദിനത്തിലും ഫെബ്രുവരി 12-ന് മാഘി പൂര്‍ണിമ ദിനത്തിലും ഫെബ്രുവരി 26-ന് മഹാ ശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്‌നാനങ്ങള്‍ നടക്കുക. കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണീ സംഗമത്തില്‍ കുളിച്ചാല്‍ പാപങ്ങളെല്ലാം ഇല്ലാതാകും എന്നാണ് വിശ്വാസം. 

കുംഭമേള നടക്കുന്ന ദിവസങ്ങളില്‍ 3000 സ്‌പെഷല്‍ സര്‍വീസുകളുള്‍പ്പടെ 13000 ട്രെയിന്‍ സര്‍വീസുകള്‍ ഒരുക്കും. കേന്ദ്ര ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഐടിഡിസിയും പ്രയാഗ് രാജില്‍ പ്രത്യേക ലക്ഷ്വറി ടെന്റുകള്‍ ഒരുക്കിയിട്ടുണ്ട്. 14000 മുതല്‍ 45000 വരെ വാടക ഈടാക്കുന്നതാണ് ഐടിഡിസിയുടെ ലക്ഷ്വറി സ്യൂട്ടുകള്‍. 

ഐടിഡിസിയെ പോലെ സ്വകാര്യ സ്ഥാപനങ്ങളും വന്‍ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുംഭമേളയിലൂടെ 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളര്‍ച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

പൂര്‍ണ കുംഭമേള, അര്‍ധ കുംഭമേള, മാഘ കുംഭമേള, മഹാകുംഭമേള എന്നിങ്ങനെ കുംഭമേളകള്‍ പലതുണ്ട്. 3 വര്‍ഷം കൂടുമ്പോള്‍ ഹരിദ്വാര്‍, പ്രയാഗ്രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണ് കുംഭമേളകള്‍ നടത്താറുള്ളത്. 

അര്‍ധകുംഭമേള 6 വര്‍ഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്രാജിലും നടക്കും. മഹാകുംഭമേള പ്രയാഗ്രാജില്‍ മാത്രമാണ്. 12 വര്‍ഷങ്ങളിലെ ഇടവേളകളില്‍ നടത്തുന്ന 12 പൂര്‍ണകുംഭമേളകള്‍ക്കു ശേഷമാണ് മഹാകുംഭമേള നടത്തുന്നത്.

 

 

 

maha kumbh mela Uttarpradesh