/kalakaumudi/media/media_files/2025/02/03/jILUM2V6iJvKKbO4g18p.jpg)
Mahakumbhamela
പ്രയാഗ്‌രാജ്: മഹാ കുംഭമേളയുടെ മൂന്നാം അമൃതസ്‌നാനം നടക്കുന്ന ഇന്ന് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയതോടെ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി ഉത്തര്‍ പ്രദേശ് പൊലീസ്. കുംഭനഗരി നോ വെഹിക്കിള്‍ സോണ്‍ ആയി പ്രഖ്യാപിച്ച പോലീസ്, മേഖലയില്‍ വണ്‍വേ ട്രാഫിക് സംവിധാനം നടപ്പിലാക്കി.
കൂടാതെ, പ്രയാഗ്‌രാജ് പരിധിയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നതിനായി ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. വസന്ത പഞ്ചമി ദിവസം ത്രിവേണി സംഗമത്തില്‍ അമൃതസ്‌നാനം നടത്താനായി ഞായറാഴ്ച രാവിലെ മുതല്‍ പ്രയാഗ്‌രാജിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക് തുടരുകയാണ്.
തീര്‍ഥാടകത്തിരക്ക് നിയന്ത്രിക്കുന്നതിനായി കുംഭനഗരയിലെ 28 കേന്ദ്രങ്ങളിലായി ഉത്തര്‍പ്രദേശ് പോലീസിന്റെ സംയുക്ത സംഘങ്ങളെയും അര്‍ധസൈനികരെയും വിന്യസിച്ചു. 44 ഘട്ടുകളില്‍ ജല്‍ പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഉള്‍പ്പെടുന്ന പ്രത്യേക സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
അമൃതസ്‌നാനത്തിനായി അഖാരകള്‍ എത്തുന്നതടക്കം പരിഗണിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് എസ്എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു. അഖാരകളുടെ സഞ്ചാരപാഥയിലേക്ക് തീര്‍ഥാടകര്‍ പ്രവേശിക്കുന്നത് തടയാന്‍ പൊലീസ് പ്രത്യേക ശ്രദ്ധ നല്‍കും. ഇതിനായി ബാരിക്കേഡ് സ്ഥാപിച്ചും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചും ക്രമീകരണം ഒരുക്കും.
പോണ്ടൂണ്‍ പാലങ്ങളിലും പൊലീസ് ശ്രദ്ധ കേന്ദ്രീകരിക്കും. തീര്‍ഥാടകര്‍ സ്‌നാനത്തിനായി സംഗം മേഖലയിലേക്ക് എത്തുന്നതിന് പകരം എന്‍ട്രി പോയിന്റിന് തൊട്ടടുത്തുള്ള ഘട്ടില്‍ സ്‌നാനം നടത്തി മടങ്ങണമെന്നാണ് അധികൃതരുടെ നിര്‍ദേശം.
40,000 പൊലീസുകാരെയാണ് വസന്ത പഞ്ചമി ദിവസം സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. അര്‍ധസൈനികരും ഇതില്‍ ഉള്‍പ്പെടും. തിരക്ക് നിയന്ത്രിക്കുന്നതിനായി കയര്‍, ലൗഡ്‌സ്പീക്കര്‍, വിസില്‍, ബാരിയര്‍, ബാരിക്കേഡ്, വാച്ച്ടവര്‍ എന്നിവയാണ് പൊലീസ് ഉപയോഗപ്പെടുത്തുന്നത്. കൂടാതെ, ആധുനിക ഉപകരണങ്ങളും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
അതീവ ജാഗ്രത
വസന്ത പഞ്ചമി അമൃതസ്‌നാന ദിവസം അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി മെഡിക്കല്‍ സംവിധാനങ്ങള്‍ അതീവ ജാഗ്രതയിലാണെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. പ്രയാഗ്‌രാജ് ഡിവിഷനിലെ മുഴുവന്‍ ഡോക്ടര്‍മാരും ജാഗരൂകരാകണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.
45 ദിവസം നീളുന്ന മഹാ കുംഭമേളയ്ക്ക് ജനുവരി 13നാണ് തുടക്കമായത്. മഹാ കുംഭമേളയുടെ അവാസനത്തെ ഷാഹി സ്‌നാനമാണ് ഇന്ന് നടക്കുന്നത്. മാകി പൂര്‍ണിമ ദിനമായ ഫെബ്രുവരി 12, മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 എന്നീ ദിവസങ്ങളിലും പ്രത്യേക സ്‌നാനം നടക്കും. ഫെബ്രുവരി 26നാണ് മഹാ കുംഭമേളയ്ക്ക് സമാപനമാകുക. ഇതുവരെ 33 കോടി തീര്‍ഥാടകരാണ് മഹാ കുംഭമേളയുടെ ഭാഗമായി ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തത്.