മഹാ കുംഭമേളയ്ക്ക് തുടക്കം

കാലാതീതമായ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളമായ കുംഭമേള രാജ്യത്തെ ഐക്യമാണ് ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി

author-image
Punnya
New Update
KUMBHAMELA

മഹാകുംഭമേളയ്ക്കായി പ്രയാഗ്രാജിലെത്തിയ സന്യാസിമാരെ ത്രിവേണീസംഗമത്തിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുന്നു

പ്രയാഗ്രാജ്: മഹാ കുംഭമേളയ്ക്ക് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ തുടക്കമായി. ആദ്യദിനം സ്‌നാനത്തില്‍ പങ്കെടുത്തത് 60 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ്. കാലാതീതമായ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളമായ കുംഭമേള രാജ്യത്തെ ഐക്യമാണ് ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുലര്‍ച്ചെ മുതല്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ത്രിവേണീ സംഗമത്തിലെ പവിത്ര സ്‌നാനത്തില്‍ പങ്കെടുത്തു. നാളെയും പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണീ സംഗമത്തിലെ സ്‌നാനം തുടരും. കര്‍ശന സുരക്ഷയിലാണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. കുംഭമേളയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് വലിയ സന്തോഷം നല്‍കുന്നുവെന്നും, പവിത്രമായ സംഗമം എണ്ണമറ്റ ജനങ്ങളെ ഒരുമിപ്പിക്കുകയും, കാലാതീതമായ ഇന്ത്യയുടെ ആത്മീയ പൈതൃകവും ഐക്യവും ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക സാംസ്‌കാരിക ഒത്തുചേരലിനാണ് തുടക്കമായിരിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രയാഗ്‌രാജിലും സമീപ പ്രദേശങ്ങളിലും മുപ്പതിനായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 
എന്‍ഡിആര്‍എഫും കേന്ദ്രസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് എഐ ക്യാമറകളും വെളളത്തിനടിയില്‍ പരിശോധന നടത്താന്‍ ഡ്രോണുകളുമുള്‍പ്പെടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മകര സംക്രാന്തി ദിനമായ നാളെ മൂന്ന് കോടി പേര്‍ കുംഭമേളയ്‌ക്കെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

utharpradhesh Maha KumbhaMela